സര്‍ക്കാരിന് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അതിജീവിത; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു. അങ്ങനെയൊരു വ്യാഖ്യാനം വന്നതില്‍ ക്ഷമ ചോദിക്കുന്നു. കോടതിയിലെ കാര്യങ്ങളും കേസ് സംബന്ധിച്ച ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചു. ഹര്‍ജി പിന്‍വലിക്കുന്ന കാര്യം ചര്‍ച്ചയായില്ലെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമാണെന്നും നടി വ്യക്തമാക്കി.
അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. അദ്ദേഹം തന്ന ഉറപ്പില്‍ സന്തോഷമുണ്ട്, സംതൃപ്തയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മുഖ്യമന്ത്രിയെ കാണേണ്ട കൃത്യമായ സമയം ഇതാണ് എന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടതെന്നും നടി പറഞ്ഞു.
ഹര്‍ജിക്ക് പിന്നില്‍ യുഡിഎഫ് ആണെന്ന ആരോപണം നടി നിഷേധിച്ചു. ഇതു സംബന്ധിച്ച രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ തെറ്റാണ്. ആരുടേയും വായ അടച്ചുവെയ്ക്കാന്‍ കഴിയില്ല. സത്യാവസ്ഥ പുറത്തുവരണം. എനിക്ക് നീതി കിട്ടണം’ എന്നും അതിജീവിത പറഞ്ഞു.
Content Highlight: Actress meets chief minister