മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുശോചിച്ചു.
“മുന്‍ മുഖ്യമന്ത്രിയും അതുല്യ ജനനേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ച്ചയായി 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത റെക്കോഡ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.
രണ്ടുവട്ടം മുഖ്യമന്ത്രിപദവും അതിനുമുമ്പ് മന്ത്രിസ്ഥാനവും വഹിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ ജനാഭിലാഷത്തെക്കുറിച്ചുള്ള സൂക്ഷ്മബോധം പ്രതിഫലിച്ചു. ജനങ്ങള്‍ക്ക് എപ്പോഴും അദ്ദേഹത്തെ സമീപിക്കാനുമായി. അനുകമ്പയും സമഷ്ടിസ്നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണസാരഥ്യത്തിന്റെ മുഖമുദ്ര. കേരളം ജന്മം നല്കിയ ഏറ്റവും ഉത്തമരായ പൊതുസേവകരിലൊരാളായ ശ്രീ ഉമ്മന്‍ ചാണ്ടി എക്കാലവും ഭാരതത്തെയും തന്റെ ഭാരതീയതയെക്കുറിച്ചും അഭിമാനം കൊണ്ടു.പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യം തുടങ്ങിയ ചെറുപ്രായം മുതല്ക്കേ ഒരുമയ്ക്കും സമാധാനത്തിനും തര്‍ക്കങ്ങളുടെ ജനാധിപത്യപരവും സൗമ്യവുമായ പരിഹാരത്തിനും വേണ്ടി നിലകൊണ്ടു.പൊതുരംഗത്തും ഭരണത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ഉമ്മന്‍ ചാണ്ടി പൊതുരംഗത്ത് വരാനാഗ്രഹിക്കുന്ന ആര്‍ക്കും, വിശേഷിച്ച് യുവാക്കള്‍ക്ക് മാതൃകയാണ്. ഉമ്മന്‍ ചാണ്ടിയുടെ ദു:ഖിതരായ കുടുംബാംഗങ്ങളോടും അദ്ദേഹത്തെ സ്നേഹിച്ച ജനങ്ങളോടും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ ദു:ഖവേളയില്‍ ആ ദൈവികമായ ഉറപ്പ് നമുക്കോര്‍ക്കാം :”വിലപിക്കുന്നവർ ഭാഗ്യവാന്മാർ ; അവർക്ക് ആശ്വാസം ലഭിക്കും”. ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.