കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി
കൊല്ലം അഞ്ചലില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. അഞ്ചല്‍ തടിക്കാട്ടില്‍ അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന് ഫര്‍ഹാനെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. 12 മണിക്കൂര്‍ നീണ്ട തെരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഫര്‍ഹാനെ കാണാതായത്. കുട്ടിയെ പരിശോധനകള്‍ക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ പോയതിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടി അമ്മയുടെ കൂടെയുണ്ടെന്ന് മുത്തശ്ശിയും മുത്തശ്ശിക്കൊപ്പമുണ്ടാകുമെന്ന് അമ്മയും കരുതി. ഇവര്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടി ഒപ്പമില്ലെന്ന് മനസിലായത്. പിന്നീട് നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രദേശത്ത് തെരച്ചിലാരംഭിച്ചു. ഫയര്‍ഫോഴ്സും എത്തിയെങ്കിലും കനത്ത മഴയായതിനാല്‍ രാത്രി 12 മണിയോടെ തെരച്ചില്‍ നിര്‍ത്തിവെച്ചു.
ശനിയാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ കണ്ടെത്തിയ സ്ഥലം. വെള്ളിയാഴ്ച ഇവിടെ തെരച്ചില്‍ നടത്തിയിരുന്നതാണ്. പ്രദേശത്തെ കിണറുകളും കുളങ്ങളും റബര്‍ തോട്ടങ്ങളും കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തിയിരുന്നു. ഒരിക്കല്‍ തെരഞ്ഞ പ്രദേശത്തു നിന്നു തന്നെ കുട്ടിയെ കിട്ടിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Missing, Toddler, Search, Police, Fire Force