ജിഫ്രിയുടെ മാത്രമല്ല.. മറ്റുള്ളവരുടെയും വ്യാജ ഒപ്പ് ഇട്ടത് പോലീസ് തന്നെ…ഓഫീസർ റാങ്കിലുള്ളവരിലേക്കും അന്വേഷണം നീളുന്നു
താനൂരിൽ കസ്റ്റഡി മരണത്തിനു ഇരയായ താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ മറ്റ് നാലു പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നു . താമിർ ജിഫ്രി മരിച്ചതിന് ശേഷം താമിറിൻ്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയതിൻ്റെ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. താമിർ ജിഫ്രിയുടെ മരണം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് താമിർ ജിഫ്രിയുടെ പേരിൽ ഇൻസ്പെക്ഷൻ മെമ്മോയിൽ താനൂർ പൊലീസ് സ്റ്റേഷനിൽ വ്യാജ ഒപ്പിട്ടത്. ഈ വിവരം പുറത്തുവന്നതോടെ ആണ് ഇപ്പോൾ മറ്റ് പ്രതികളുടെയും ഇൻസ്പെക്ഷൻ മെമ്മോ യിലും പോലീസ് വ്യാജ ഒപ്പു ഇട്ടു എന്ന കാര്യം പുറത്തു വരുന്നത് .നാല് പേരുടെയും വ്യാജ ഒപ്പാണ് ഇൻസ്പെക്ഷൻ മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പിടികൂടിയത് മുതൽ പൊലീസിൻ്റെ ഓരോ നീക്കവും ദുരൂഹവുമായിരുന്നു. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേളാരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ പ്രതികളെ താനൂർ സബ് ഡിവിഷന് കീഴിലെ പൊലീസ് ക്വാട്ടേഴ്സിലേക്ക് കൊണ്ടുവന്നു. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ കീഴിലുള്ള നാല് ഡാൻസാഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്തത്.
കസ്റ്റഡിയിൽ വെച്ച്ച് മരിച്ച ശേഷമായിരുന്നു താമിര്‍ ജിഫ്രിയുടെ പേരില്‍ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് വ്യാജ ഒപ്പിട്ടത്. ഇന്സ്പെക്ഷന് മെമ്മോയിലാണ് ഒപ്പിട്ടത്.. കസ്റ്റഡയില്‍ കൊല്ലപ്പെട്ടതിനുശേഷം താമിറിനെ പ്രതിയാക്കി പൊലീസ് എഫ്ഐആര്‍ ഇട്ടിരുന്നു. എഫ്ഐആര്‍ ഇടാന്‍ പറഞ്ഞത് ഡിവൈഎസ്പി ബെന്നി ആണെന്ന് എന്ന് എസ്ഐ കൃഷ്ണ ലാല്‍ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ഇതേ സമയത്താണ് വ്യാജ ഒപ്പിട്ട് ഇന്സ്പെക്ഷന് മെമോ തയ്യാറാക്കിയതും.കൊണ്ടോട്ടി സബ് ഡിവിഷനിൽ നിന്ന് പ്രതികളെ പിടികൂടി താനൂർ സബ് ഡിവിഷനിലേക്ക് കൊണ്ടു വരണമെങ്കിൽ അത് എസ്പിയും ഡിവൈഎസ്പിയും ഉറപ്പായും അറിയും. മറ്റൊരു സ്ഥലത്ത് നിന്ന് പിടികൂടിയതാണെന്ന് അറിയാവുന്ന മുതിർന്ന ഉദ്യോഗസ്ഥരാണ് താനൂർ എസ്ഐ കൃഷ്ണലാലിനോട് താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റ് കാണിക്കാൻ നിർദേശിച്ചതും പിന്നാലെ എസ്ഐ കൃഷ്ണലാൽ സസ് പെൻഷനിലാവുന്നതും. താമിർ ജിഫ്രി മരിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് താമിറിനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതെല്ലാം നടന്നത് ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു എന്ന് എസ്ഐ കൃഷ്ണലാൽ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.
. താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ അന്വേഷണം ഉന്നതരിലേക്കെന്ന സൂചന ലഭിക്കുന്നതിനിടെയാണ് നിർണായകമായ പുതിയ കൂടുതൽ തെളിവ്കൾ പുറത്തുവരുന്നത്. ഓഫീസര്‍ റാങ്കിൽ വരെയുള്ള ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്ന അവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സിബിഐ ഒരുങ്ങുകയാണ്. വൈകാതെ ചോദ്യം ചെയ്യുമെന്ന് വിവരം.
കേസിലെ ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവര്‍ ഇപ്പോള്‍ റിമാന്റിലാണ്. പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലില്‍ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കില്‍ വെക്കല്‍, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330-ഭയപ്പെടുത്തി മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്‍, 323-ദേഹോപദ്രവം ഏല്പിക്കല്, 324-ആയുധം ഉപയോഗിച്ച് മര്‍ദിച്ച് ഗുരുതര പരിക്ക് ഏല്പിക്കല്, 34 സംഘം ചേര്‍ന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.