ആറ്റുകാല് പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകട്ടകള് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയര്; മറ്റാരെങ്കിലും ശേഖരിച്ചാല് പിഴ
ആറ്റുകാല് പൊങ്കാലയ്ക്ക് അടുപ്പ് നിര്മിക്കാന് ഉപയോഗിക്കുന്ന ഇഷ്ടികകള് ലൈഫ് മിഷന് ഉള്പ്പെടെയുള്ള ഭവന പദ്ധതികള്ക്കായി ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രന്. തിരുവനന്തപുരം കോര്പറേഷനല്ലാതെ മറ്റാരെങ്കിലും ചുടുകട്ടകള് ശേഖരിക്കുന്നത് ശ്രദ്ധയില്പെട്ടാല് പിഴയീടാക്കുമെന്നും മേയര് പറഞ്ഞു. കട്ടകള് ശേഖരിക്കുന്നതിനായി പ്രത്യേക വോളണ്ടിയര്മാരെ നിയോഗിക്കും. ഇതിനായി 14 വാഹനങ്ങള് ഏര്പ്പാടാക്കും.
കട്ടകള് നല്ല ഉദ്ദേശ്യത്തിനു വേണ്ടിയാണ് ശേഖരിക്കുന്നതെന്നും പൊങ്കാല കഴിഞ്ഞ് കട്ടകള് അവിടെത്തന്നെ നിക്ഷേപിക്കണമെന്നും മേയര് പറഞ്ഞു. പൊങ്കാല തയ്യാറെടുപ്പുകള് സംബന്ധിച്ച വാര്ത്താസമ്മേളനത്തിലാണ് മേയര് ഇക്കാര്യം അറിയിച്ചത്. പൊങ്കാലയ്ക്ക് ശേഷം ശുചീകരണത്തിനായി പ്രത്യേക സംവിധാനങ്ങള് ഒരുക്കിയിട്ടുണ്ട്. പൊങ്കാല സമര്പ്പണം പൂര്ത്തിയായി ഏതാനും മണിക്കൂറുകള്ക്കുള്ളില് തന്നെ ശുചീകരണപ്രവൃത്തികള് പൂര്ത്തിയാക്കും.
നഗരസഭയുടെ ശുചീകരണതൊഴിലാളികളും സന്നദ്ധപ്രവര്ത്തകരും ശുചീകരണത്തിന് നേതൃത്വം നല്കും. നഗരസഭാ കരാറുകാര്, ലോറി ഓണേഴ്സ് ആന്ഡ് ഡ്രൈവേഴ്സ് അസോസിയേഷന്, ഹോട്ടല് ആന്ഡ് റെസ്റ്റോറന്റ് അസോസിയേഷന്, കാറ്ററിങ് ഓണേഴ്സ് അസോസിയേഷന്, സര്വീസ് പ്രമോട്ടര്മാര്, സന്നദ്ധസംഘടനാ പ്രവര്ത്തകര് എന്നിവരടക്കം ശുചീകരണപ്രവര്ത്തനങ്ങളില് പങ്കാളികളാകുമെന്നും മേയര് വ്യക്തമാക്കി.