ഗവര്‍ണര്‍ ജയിന് ഹവാല കേസിലെ പ്രതിയെന്ന് ദേശാഭിമാനി; മനോനില തെറ്റിയെന്ന് ജനയുഗം
മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനുമെതിരെ വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം, സിപിഐ മുഖപത്രങ്ങള്‍. രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച ജയിന് ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയയാളാണ് ആരിഫ് മുഹമ്മദ് ഖാന് എന്ന് ദേശാഭിമാനി ലേഖനം ചൂണ്ടിക്കാട്ടുന്നു.
7.63 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്. അതിന്റെ എല്ലാ രേഖകളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഹവാല ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉള്‍പ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ദേശാഭിമാനിയിലെ ഒരു ലേഖനം പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ ആരിഫ് മുഹമ്മദ് ഖാന് നിലപാടുകള്‍ വിറ്റാണ് ബിജെപിയിലെത്തിയത്.
1998ല്‍ ലോക്സഭയില്‍ ബിജെപിക്കും വാജ്പേയിക്കുമെതിരേ ഗുരുതരമായ ആരോപണമുന്നയിച്ച് കോലാഹാലം ഉണ്ടാക്കിയ അന്നത്തെ ബിഎസ്പി എംപിയായിരുന്ന അതേ ആരിഫ് മുഹമ്മദ് ഖാനാണ് ഇന്ന് ബിജെപി സര്‍ക്കാരിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സര്‍ക്കാരിനെതിരെ അസംബന്ധയുദ്ധം നയിക്കുന്നതെന്നും ദേശാഭിമാനി പറയുന്നു. ഗവര്‍ണര്‍ മനോനില തെറ്റിയത് പോലെ പെരുമാറുന്നുവെന്നാണ് ജനയുഗം ലേഖനം പറയുന്നത്.