അന്തസ്സ് കെടുത്തിയാല്‍ മന്ത്രിസ്ഥാനം തെറിപ്പിക്കും; ഭീഷണിയുമായി ഗവര്‍ണര്‍
മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഗവര്‍ണറുടെ ഭീഷണി. ഗവര്‍ണറെ ഉപദേശിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും എല്ലാ അവകാശവുമുണ്ട്. പക്ഷേ ഗവര്‍ണര്‍ എന്ന പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം എടുത്തു കളയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരള രാജ്ഭവന് പിആര്‍ഒയുടെ പേരിലാണ് ഗവര്‍ണറുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ സേര്‍ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാന്‍ സര്‍വകലാശാല തയാറാകാത്തതിനെ തുടര്‍ന്ന് 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഈ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനയാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. പാസാക്കിയ സര്‍വകലാശാല ഭേദഗതി ബില്‍ ഇപ്പോഴും ഒപ്പിടാതെ ഗവര്‍ണരുടെ കയ്യില്‍ ഇരിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി ആര്.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്.
ബില്ലില്‍ ന്യൂനതകളോ അപാകതകളോ ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കാം. സര്‍ക്കാരിന്റെ അഭിപ്രായം ആരായാം. അതു ചെയ്യാതെ ബില്‍ പിടിച്ചുവച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ഭരണഘടനാ ബാധ്യത നിറവേറ്റണം. ഭരണഘടനാ ബാധ്യത നിറവേറ്റുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയല്ല. ഇതുവരെ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. അത് ഒരു മാന്യതയാണ്. ആര്‍എസ്എസിന്റെ പാളയത്തില്‍ പോയാണ് ഗവര്‍ണര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി ആര്.ബിന്ദു ആരോപിച്ചിരുന്നു.