ലൈഫ് മിഷന് കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു
ലൈഫ് മിഷന് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരി 20-ാം തിയതി ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധി.
പത്തു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടത്. എന്നാല്‍, കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പിന്നീട് കൂടുതല്‍ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി പറഞ്ഞു. അതേസമയം തന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ കഴിഞ്ഞ ദിവസം 12 മണി വരെ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ പരാതി ഉന്നയിച്ചു.