നടന് പൂജപ്പുര രവി അന്തരിച്ചു
നടന് പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളില്‍ ശ്രദ്ധേയനായ പൂജപ്പുര രവി 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വേലുത്തമ്പി ദളവ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. എസ്.എല്‍.പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ‘ബീരാന്‍കുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.
രവീന്ദ്രന് നായര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. ‘കലാനിലയം ഡ്രാമാ വിഷന്‍’ നാടക സംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതല്‍, രാക്കുയിലിന്‍ രാഗസദസില്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാര്‍, കിഴക്കന്‍ പത്രോസ്, ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പൂജപ്പുര രവി സാന്നിധ്യമറിയിച്ചു. പൂജപ്പുരയില്‍ താമസിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മറയൂരിലെ മകളുടെ വീട്ടിലേക്ക് താമസം മാറിയത്.