ബീഫ് കഴിക്കാന്‍ കാമുകി നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് യുവാവ് തൂങ്ങിമരിച്ചു; സംഭവം ഗുജറാത്തില്‍
കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് യുവാവ് തൂങ്ങിമരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഉത്തര്‍ പ്രദേശുകാരനായ രാഹുല്‍ സിംഗ് എന്ന ഇരുപത്തേഴുകാരനാണ് തൂങ്ങി മരിച്ചത്. ഇയാളുടെ മരണത്തെത്തുടര്‍ന്ന് അമ്മ വീണാദേവി നല്കിയ പരാതിയിലാണ് കാമുകിക്കെതിരെ ആരോപണമുള്ളത്. ബീഫ് കഴിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് കാമുകി സോനം അലിയും അവരുടെ സഹോദരനും ഭീഷണിപ്പെടുത്തിയെന്നും തുടര്‍ച്ചയായുള്ള പീഡനം മൂലം താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും രാഹുല്‍ സിംഗിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ആത്മഹത്യാക്കുറിപ്പ് രാഹുല്‍ ഫെയിസ്ബുക്കില് പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വീണാദേവി പോലീസിനെ അറിയിച്ചു. മരണത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍നിന്ന് ഒരു ബന്ധു വിളിച്ചതോടെയാണ് മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് താന്‍ അറിഞ്ഞതെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 27നാണ് രാഹുലിനെ സൂറത്തിലെ ഉദ്ദ്ന പട്ടേല്‍ നഗറിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടുമായി അടുപ്പമില്ലാതിരുന്നതിനാല്‍ മകന്റെ മരണത്തെക്കുറിച്ച് കൂടുതലായി ഒന്നുമറിയില്ലെന്നാണ് അമ്മ പറയുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ തുണിമില്ലിലെ ജോലിക്കായാണ് സൂറത്തില്‍ എത്തിയത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സഹപ്രവര്‍ത്തകയായ സോനം അലിയുമായി രാഹുല്‍ അടുപ്പത്തിലായത്. സോനത്തെ വിവാഹം കഴിക്കാനായിരുന്നു അയാളുടെ ആഗ്രഹം. പക്ഷേ രാഹുലിന്റെ കുടുംബം ഇതിനെ എതിര്‍ത്തു. ഇതോടെ വീട് വിട്ടിറങ്ങിയ രാഹുല്‍ സോനത്തിനൊപ്പം പട്ടേല്‍ നഗറില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ആത്മഹത്യ.
സീലിംഗ് ഫാനില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ രാഹുലിനെ കണ്ടുവെന്നായിരുന്നു സോനം പോലീസിന് മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രാഹുലും സോനവും വിവാഹിതരാണോ എന്ന കാര്യം കുടുംബത്തിന് അറിയില്ല. വിവാഹം നടന്നതിന്റെ രേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസും പറയുന്നു. ഫെയിസ്ബുക്ക് പേജിന്റെ വിശദാംശങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരിയായ അമ്മ പറയുന്നുണ്ട്. എന്നാല്‍ പോസ്റ്റിന്റെ തിയതിയും സമയവും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഫെയിസ്ബുക്കില് നിന്ന് തേടാനുള്ള ശ്രമം നടക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.