‘ഇതാണ് എൻ്റെ ജീവിതം’ , ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് പ്രകാശനം ചെയ്യും. കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുക. ‘ഇതാണ് എൻ്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തുവന്നതും വിവാദമായിരുന്നു.
ഡിസി ബുക്സ് ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ ഇപിയുടെ ആത്മകഥ പുറത്തിറക്കാൻ ശ്രമിക്കുകയും, അതിലെ ചില ഭാഗങ്ങൾ വിവാദമാവുകയും ചെയ്തിരുന്നു. എന്നാൽ ഈ പുസ്തകം തൻ്റെ അനുമതിയോടെയല്ല പ്രസിദ്ധീകരിക്കാൻ ശ്രമിച്ചതെന്നും അതിൽ വന്ന ഭാഗങ്ങൾ താൻ എഴുതിയതല്ലെന്നും ഇ.പി. ജയരാജൻ നിഷേധിച്ചിരുന്നു.
‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിൽ പുറത്തു വന്നുവെന്ന് പറയപ്പെടുന്ന ഉള്ളടക്കങ്ങളിൽ, രണ്ടാം പിണറായി സർക്കാരിനും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഉള്ളടക്കം തൻ്റേതല്ലെന്നും, തൻ്റെ ആത്മകഥ പൂർത്തിയാക്കിയിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് സമയത്ത് വിവാദം ഉണ്ടാക്കാൻ ചിലർ ശ്രമിച്ചതാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചിരുന്നു.