കൊടി സുനിയുടെ പരസ്യ മദ്യപാനം; കേസെടുത്ത് പൊലീസ്

ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. തലശേരി പൊലീസ് ആണ് കേസെടുത്തത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ്, മറ്റ് കണ്ടാലറിയുന്ന നാല് പേർ എന്നിങ്ങനെ ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേരള അബ്കാരി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാർ നോക്കിനിൽക്കെ മദ്യപിച്ചത്. പൊലീസ് കാവലിലുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്.
പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.