നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രണയനൈരാശ്യമെന്ന് പ്രതിയുടെ മൊഴി
കോഴിക്കോടിനടുത്ത് നാദാപുരത്ത് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത് പ്രണയനൈരാശ്യത്തെ തുടർന്നുള്ള പ്രതികാരത്താൽ ആണെന്ന് പ്രതിയുടെ മൊഴി. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതും സംസാരിക്കാൻ വിസമ്മതിച്ചതും ആണ് അക്രമത്തിലേക്ക് നയിച്ചതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
യുവതിയെ ആക്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച റഫ്നാസിനെ ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇതിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്ലസ്ടു വിന് ഒന്നിച്ചു പഠിച്ചിരുന്ന ഇയാൾ പെൺകുട്ടിയോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. നിരന്തരം ഫോൺ ചെയ്യുകയും സംസാരിക്കാൻ ശ്രമിക്കുയും ചെയ്തിരുന്നു.
ഇയാളുമായുള്ള സംഭാഷണത്തിന് താത്പര്യമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് പുതിയ കണക്ഷൻ എടുത്ത് വിളിച്ചെങ്കിലും സംസാരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് അക്രമം അസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.ഇതിനായി കൊടുവാളും പെട്രോളും വാങ്ങി പെൺകുട്ടിയുടെ വീടിനടുത്തു എത്തി. എന്നാൽ പെൺകുട്ടിയെ പിതാവ് ബൈക്കിൽ ടൗണിൽ എത്തിച്ചതോടെ പദ്ധതി പൊളിഞ്ഞു.
ബസ്സ്റ്റാൻഡിന് സമീപത്ത് വെച്ച് ഇക്കാര്യം പറഞ്ഞ് ഇരുവരും തർക്കത്തിലായി. ഈ വാക്കു തർക്കത്തിൽ നാട്ടുകാർ ഇടപെടാൻ തുടങ്ങിയതോടെയാണ് റഫ്നാസ് പെൺകുട്ടിയെ ആക്രമിച്ചത്. കോളേജ് വിട്ടു വരികയായിരുന്ന പെൺകുട്ടി പേരോടെത്തിയപ്പോഴാണ് റഫ്നാസ് പിന്തുടർന്നത്. പ്രതിയെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയ ശേഷം നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് ഇയാളെ റിമാൻഡ് ചെയ്തു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു വരുന്നതായാണ് വിവരണം.
Content Highlights : Nadapuram student attack