രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “ചികിരി ചികിരി” ഗാനം പുറത്ത്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ “ചികിരി ചികിരി” ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാൽ ആണ്. സിജുമോൻ തുറവൂർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.
നായകൻ രാം ചരണിന്റെ ഗംഭീര നൃത്തരംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. കയ്യിൽ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ കിടിലൻ നൃത്തച്ചുവട് യുവാക്കൾക്കിടയിൽ തരംഗമായി മാറുമെന്നുറപ്പ്. നായികാ വേഷം ചെയ്യുന്ന ജാൻവി കപൂറും സംഗീത സംവിധായകൻ എ ആർ റഹ്മാനും ഇപ്പോൾ പുറത്ത് വന്ന വീഡിയോയുടെ ഭാഗമാണ്. ജാനി മാസ്റ്റർ ആണ് ഈ ഗാനത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത്.
അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാൻവി ചിത്രത്തിൽ വേഷമിടുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് രാം ചരൺ നടത്തിയത് എന്നത് ഗാനരംഗത്തിലൂടെയും വ്യക്തമായി കാണാൻ സാധിക്കും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരൺ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ ചിത്രം സംവിധായകൻ ബുച്ചി ബാബു സന ഒരുക്കുന്നത്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി











