അച്ഛന് വീണ്ടും വിവാഹം കഴിക്കുന്നതിലെ വിരോധം: വീടുതകർത്ത് മോഷണം നടത്തി മകൻ
അച്ഛന് രണ്ടാം വിവാഹത്തിനൊരുങ്ങിയതിന് വീട് അടിച്ച് തകർക്കുകയും മോഷണം നടത്തുകയും ചെയ്ത് മകൻ. കാട്ടാക്കട സ്വദേശി മനോഹരന്റെ വീട്ടിലാണ് സംഭവം നടന്നത്. മനോഹരന്റെ മകന് സനല്‍കുമാറും സുഹൃത്തുക്കളുമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. വീട് അടിച്ച് തകര്‍ക്കുകയും പണവും,വസ്ത്രവും, കോഴികളെയും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
ഒറ്റയ്ക്ക് താമസിക്കുന്ന മനോഹരന് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകന് ആക്രമണം നടത്തിയതെന്ന് മനോഹരൻ ആരോപിക്കുന്നു. പിന്‍വാതില്‍ തകര്‍ത്താണ് അഞ്ചംഗ അക്രമിസംഘം വീടിനുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും 45,000 രൂപയും, വസ്ത്രങ്ങളും, കോഴിക്കൂട്ടിലുണ്ടായിരുന്ന അഞ്ചുകോഴികളെയും മോഷ്ടിക്കുകയും ചെയ്തുവെന്ന് മനോഹരൻ്റെ പരാതിയിൽപ്പറയുന്നു.
നിലവില്‍ താമസിക്കുന്ന വീട് താന്‍ ഒറ്റയ്ക്ക് അധ്വാനിച്ചുണ്ടാക്കിയതാണെന്നും പരമ്പരാഗതസ്വത്തുക്കൾ മകള്‍ക്കും മകനും നേരത്തെ വീതിച്ച് നല്‍കിയെന്നും മനോഹരന് പറഞ്ഞു. ഭാര്യ മരിച്ചതോടെ തന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ലാതായി. അതിനാലാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് മനോഹരന് പറയുന്നു. ഈ വൈരാഗ്യത്തിനാണ് മകനും മറ്റ് നാലുപേരും വീട് തകര്‍ത്ത് മോഷണം നടത്തിയതെന്ന് ഇയാള്‍ പരാതിയില്‍ പറയുന്നു. മനോഹരന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlight – Son breaks into father’s house, robs money to balk his remarriage