ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളില്‍ കയറ്റിയില്ല; സെക്യൂരിറ്റി ഗേറ്റ് പൂട്ടി
ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ് നായരാണ് പരാതി നല്‍കിയത്. സ്കൂളിന്റെ സെക്യൂരിറ്റിയാണ് അധ്യാപികയെ ഗേറ്റിൽ തടഞ്ഞത്. സ്കൂള്‍ മാനേജര്‍ നിര്‍ദേശിച്ചത് പ്രകാരമാണ് അധ്യാപികയെ തടഞ്ഞത്. സ്കൂളിനുള്ളില്‍ കടക്കാതിരിക്കാന്‍ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു.
അതോടെ അധ്യാപിക ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്കി. പൊലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളില്‍ പ്രവേശിക്കാനായത്. മുമ്പും ചുരിദാര്‍ ധരിച്ചു വരുമ്പോള്‍ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്ന് പ്രധാന അധ്യാപിക പറയുന്നു.
ഇതേ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാരും നേരിട്ടുണ്ടെന്നാണ് ആരോപണം. അധ്യാപികയോട് വിദ്യാഭ്യാസ വകുപ്പ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. സ്കൂളില്‍ സാരിക്കു പുറമേ ചുരിദാര്‍ ധരിച്ചെത്താന്‍ അധ്യാപികമാര്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് വര്‍ഷങ്ങള്‍ക്കു മുമ്പേ കേരള സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി 4 നാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്. സ്കൂളിലെ പ്രധാന അധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരില്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും. കൃത്യസമയത്തു സ്കൂളില്‍ എത്തണമെന്ന കാര്യത്തില്‍ മുമ്പ് സംസാരിച്ചിട്ടുണ്ടെന്നുമാണ് സ്കൂള്‍ മാനേജറുടെ വിശദീകരണം.













