ആറു കിലോ കഞ്ചാവുമായി 2 പേര് പിടിയില്‍; രക്ഷപ്പെടാന്‍ പോലീസിനു നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് പ്രതി
ആറു കിലോ കഞ്ചാവുമായി 2 പേര് പിടിയില്‍. മേപ്പാടി വിത്തുകാട് പിച്ചം കുന്നശ്ശേരി വീട്ടില്‍ നാസറിന്റെ മകന് നാസിക് (26) കൂട്ടുകച്ചവടക്കാരനായ കോട്ടത്തറ വയല്‍ പാറായില്‍ വീട്ടില്‍ രവിയുടെ മകന് മണിയെയും(25) എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ പാടേരൂര്‍ എന്ന സ്ഥലത്തുനിന്നാണ് നാസിക് ഹോള്‍സെയില്‍ ആയി കഞ്ചാവ് വാങ്ങുന്നത് ട്രെയിനിലും തുടര്‍ന്ന് ഓട്ടോറിക്ഷയിലുമായി ഇത് അതിര്‍ത്തി കടത്തിക്കൊണ്ടുവരികയാണ് പതിവ് എന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
ചേരമ്പാടി അതിര്‍ത്തി കടത്തിയ ശേഷം അവിടെ നിന്ന് ബൈക്കിലാണ് കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാന്‍ സുഹൃത്തായ മണി എന്നയാളുടെ കോട്ടത്തറയിലെ പാറായില്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ചെറിയ പാക്കറ്റുകള്‍ ആക്കി ചില്ലറ വില്‍പ്പന ചെയ്യുകയാണ് ഇവരുടെ രീതി. ഇയാളെ അറസ്റ്റു ചെയ്തു ദേഹ പരിശോധന ചെയ്യുന്ന സമയത്ത് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്ന വൈത്തിരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിപിനു നേരെ ഇയാള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് വച്ചിരുന്ന പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു.
ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മല്‍പ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുകയാണ് ചെയ്തത്. പോലീസിനെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാസിക്കിനെ മുന്‍പും കഞ്ചാവുമായി പിടികൂടിയതിന് അമ്പലവയല്‍, കല്‍പ്പറ്റ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
ഇയാള്‍ക്ക് കഞ്ചാവ് കടത്തുന്നതിനും ഒളിപ്പിച്ച് വയ്ക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്ന മണിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. മേപ്പാടി സി ഐ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിപിന്‍, നൗഫല്‍, മുജീബ്, പ്രശാന്ത്, ഗോവിന്ദന്‍കുട്ടി, വിമല്‍ കുമാര്‍, ശ്രീജിത്ത്, മജീദ്, സിപിഒമാരായ സഹീര്‍ അഹമ്മദ്, ഷാജഹാന്, ഷാലു എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. വൈത്തിരി ലാന്‍ഡ് റെക്കോര്‍ഡ്സ് തഹസില്‍ദാര്‍ ടോമിച്ചന് ആന്റണി പ്രതിയുടെ ദേഹ പരിശോധനയ്ക്കായി ഹാജരായി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.