യുവതിയെ മര്‍ദ്ദിച്ചെന്ന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
കോവളത്തു വെച്ച് മര്‍ദ്ദിച്ചുവെന്ന അധ്യാപികയുടെ പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കടന്നുകളയല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചു എന്നാണ് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി. തുടര്‍ന്ന് കമ്മീഷണര്‍ പരാതി കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
പരാതി നല്‍കിയതിന് ശേഷം കാണാതായ യുവതിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ പോയശേഷം യുവതിയെ കാണാനില്ലെന്ന സുഹൃത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. തൂത്തുക്കുടി, മധുര, കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ യുവതി താമസിച്ചതായി പൊലീസ് അറിയിച്ചു.