ഗവര്‍ണര്‍ രാഷ്ട്രീയ ചട്ടുകം; ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ചെയ്യുന്നുവെന്ന് ദേശാഭിമാനി
ജനയുഗത്തിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. ഗവര്‍ണര്‍ രാഷ്ട്രീയ ചട്ടുകമായി മാറിയത് ഉന്നത വിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നുവെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗം വിമര്‍ശിക്കുന്നു. ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ആവര്‍ത്തിക്കുകയാണ് ഗവര്‍ണറെന്നും മുഖപ്രസംഗം പറയുന്നു.
നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്ണ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നത്. തനിക്കു താഴെ സര്‍വകലാശാലാ ഭരണത്തലവനായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെ ക്രിമിനല്‍ എന്നാണ് വിളിച്ചത്. 019 ഡിസംബറില്‍ കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യമരുളിയ ചരിത്രകോണ്‍ഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ഗവര്‍ണര്‍ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചത്. ചടങ്ങില്‍ ഉദ്ഘാടകനായ ഗവര്‍ണര്‍ പൗരത്വനിയമത്തെ ന്യായീകരിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതിഷേധത്തെയാണ് രണ്ടുവര്‍ഷവും എട്ടുമാസവും കഴിഞ്ഞ് അക്രമമെന്ന് വിശേഷിപ്പിക്കുന്നത്.
എത്ര പണ്ഡിതനായാലും മതനിരപേക്ഷ, ജനാധിപത്യ പക്ഷത്താണെങ്കില്‍ സംഘപരിവാറിന്റെ ശത്രുപ്പട്ടികയിലാകും. ഇര്ഫാന് ഹബീബും ഗോപിനാഥ് രവീന്ദ്രനും തെളിവാര്‍ന്ന നിലപാടുകള്‍ കാരണം വളരെ മുമ്പുതന്നെ ഹിന്ദുത്വത്തിന്റെ നോട്ടപ്പുള്ളികളാണ്. ഭരണമായാലും ഭരണഘടനയായാലും ‘സംഘ’ത്തിന്റെ വഴിയില്‍ ചലിക്കണം. ഇതാണ് മോദി ഭരണം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
വിദ്വേഷം വളര്‍ത്തിയും പണമിറക്കിയും ഭരണം പിടിക്കുക. അത് നടക്കാത്ത സംസ്ഥാനങ്ങളില്‍ ഫെഡറല്‍ തത്വങ്ങള്‍ ബലികഴിച്ച് ഗവര്‍ണര്‍മാര്‍ വഴി അമിതാധികാരവാഴ്ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവര്‍ണറുടെ വഴിവിട്ട നടപടികള്‍. ചാന്‍സലര്‍ പദവിയുടെ നിയമസാധുതയ്ക്കപ്പുറം രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും ദേശാഭിമാനി മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.