സിപിഐഎമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണക്കോട്ടകൾ പൊളിഞ്ഞെന്ന് കെ വി കുഞ്ഞിരാമന്
കാസർകോട്: പെരിയ കേസിൽ സിപിഐഎമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണക്കോട്ടകൾ പൊളിഞ്ഞെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ വേളയിലാണ് കെ വി കുഞ്ഞിരാമന്റെ വെള്ളപൂശൽ . കേസിൽ തങ്ങളെ പ്രതികളാക്കിയത് പാർട്ടി നേതാക്കളായതിനാലാണെന്നും നീതി ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നെന്നും കെ വി കുഞ്ഞിരാമന് പറഞ്ഞു.
ശിക്ഷ നൽകിയപ്പോൾ ഒരു തരത്തിലും ഞങ്ങൾ പ്രതികരിച്ചിരുന്നില്ല. കാരണം നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ ഘട്ടങ്ങളിൽ പാർട്ടി ഞങ്ങൾ നിരപരാധികളാണെന്ന് ഉറച്ചുവിശ്വസിച്ചു. കേരളത്തിലെമ്പാടുമുള്ള പാർട്ടി പ്രവർത്തകർ വലിയ പിന്തുണ നൽകി. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും കെ വി കുഞ്ഞിരാമന് പറഞ്ഞു.
സിബിഐ വെറും കൂട്ടിലിട്ട തത്തയാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈക്കോടതി വിധിയെന്നായിരുന്നു സിപിഐഎം പ്രവർത്തകരെ സ്വീകരിക്കാനെത്തിയ എം വി ജയരാജന്റെ പ്രതികരണം. സിബിഐ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി പലതും ചെയ്യുമെന്ന് ഒരിക്കൽ കൂടി വ്യക്തമായെന്നും എം വി ജയരാജൻ പറഞ്ഞു.