ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യ-അഫ്ഗാന് പോരാട്ടം ഇന്ന്
എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ് ‘ഡി’യിലെ രണ്ടാം മത്സരത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 8.30ന് ആണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് 3 മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും മത്സരം ലഭ്യമാകും.
ആദ്യ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ‘നീല കടുവകള്‍’ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ രണ്ടു ഗോളുകളും നേടിയ സുനില്‍ ഛേത്രിയില്‍ തന്നെയാവും ഇന്ത്യയുടെ പ്രതീക്ഷകള്‍. എങ്കിലും ഗോളടിക്കാന്‍ കെല്‍പ്പുള്ള യുവനിര ഇന്ത്യന്‍ ടീമിലുണ്ടെന്നതും പ്രതീക്ഷയാണ്.
ഹാങ്കോങ്ങിനോടേറ്റ തോല്‍വിയുടെ ഭാരവുമായാണ് മറുഭാഗത്ത് അഫ്ഗാന് വരുന്നത്. ആദ്യ മത്സരത്തില്‍ 1-2ന് പരാജയപ്പെട്ട അഫ്ഗാന് ഇന്നത്തെ മത്സരം ജീവന് മരണ പോരാട്ടമാണ്. രണ്ടാം മത്സരവും തോറ്റാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിന് യോഗ്യത നേടാന്‍ അഫ്ഗാന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
ഫിഫ റാങ്കിങ്ങില്‍ 150-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഫിഫ റാങ്കിങ്ങില്‍ 106-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
Content Highlight: AFC Asian Cup 2023 Qualifiers, Indian Football Team, Blue Tigers, Afghanistan