പാറ്റയെ വീട്ടില്‍ വളര്‍ത്തണം, പ്രതിഫലം ഒന്നരലക്ഷം രൂപ! വ്യത്യസ്ത ഓഫറുമായി യു.എസ് കമ്പനി
പാറ്റയെ പേടിയില്ലാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ പേടിയേക്കാള്‍ ഉപരി പാറ്റ വീട്ടിലുണ്ടാവുന്നത് പല രോഗങ്ങള്‍ക്കും കാരണമാകുമെന്നത് കൊണ്ടും പാറ്റയെ തുരത്താനുള്ള മാര്‍ഗങ്ങളാണ് ഏവരും നോക്കുന്നത്. പക്ഷേ, അമേരിക്കയിലെ ഒരു കീടനിയന്ത്രണ കമ്പനി വ്യത്യസ്തമായ ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. വീട്ടില്‍ പാറ്റയെ വളര്‍ത്തണം. അതിന് വന്‍തുക പ്രതിഫലവും നല്‍കും.
ദി പെറ്റ് ഇന്ഫോമര് എന്ന വെബ്സൈറ്റില്‍ കമ്പനി നല്കിയ പരസ്യത്തില്‍ വന്ന ഓഫറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 2,000 ഡോളര്‍ (ഒന്നര ലക്ഷം രൂപ) പ്രതിഫലത്തില്‍ 100 പാറ്റകളെ വീട്ടില്‍ വളര്ത്താനനുവദിക്കണമെന്നാണ് കീടനിയന്ത്രണ കമ്പനിയുടെ ആവശ്യം. പാറ്റയുടെ ശല്യം എങ്ങനെ ഇല്ലാതാക്കാം എന്ന് കണ്ടുപിടിക്കുന്നതിനുള്ള പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇതിനായി ചില നിബന്ധനകളും കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. പരീക്ഷണം ഒരു മാസത്തോളം നീണ്ടുനില്‍ക്കും. അപേക്ഷ നല്‍കുന്നയാള്‍ക്ക് സ്വന്തമായി വീടുണ്ടാകണം. അല്ലെങ്കില്‍ പാറ്റയെ വളര്‍ത്താന്‍ വീട്ടുടമസ്ഥന്റെ പൂര്‍ണ അനുമതി ഉണ്ടാകണം. കൂടാതെ ഒരു മാസത്തെ പഠന കാലയളവില്‍ പാറ്റകളെ നിയന്ത്രിക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍ വീട്ടുടമസ്ഥര്‍ ചെയ്യരുത്. കമ്പനിയായിരിക്കും പാറ്റകളെ നിയന്ത്രിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുക. ഈ പരീക്ഷണങ്ങള്‍ വീട്ടുകാര്‍ക്കോ വളര്‍ത്തുമൃഗങ്ങള്‍ക്കോ ഹാനികരമാകില്ലെന്നും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.
ചുരുങ്ങിയത് അഞ്ചോ ആറോ വീടുകളില്‍ രീക്ഷണം നടത്താനായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രതിഫലത്തുക കണ്ടിട്ടാണോ എന്തോ പാറ്റയെ വളര്‍ത്താന്‍ സമ്മതമാണെന്ന് അറിയിച്ച് ആയിരക്കണക്കിന് അപേക്ഷകളാണ് കമ്പനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.