ഗുജറാത്ത് കലാപം : “വിധി” മായ്ക്കുമോ ചോരക്കറ?
2002 ഫെബ്രുവരി 28-ന് ഉച്ചകഴിഞ്ഞ നേരത്ത് നരോദ പാട്യയിലെ തൻ്റെ വീടിൻ്റെ ടെറസിൽ പതുങ്ങിയിരിക്കുകയായിരുന്ന മജീദിനെ ജയ് ഭവാനി കണ്ടു.
“മജീദ് ഭായി” അയാൾ വിളിച്ചു..” നിങ്ങളെല്ലാവരും രാവിലെ മുതൽ വിശന്നിരിക്കുകയാണല്ലോ. നിങ്ങളുടെ അടുക്കളയിലുള്ള ആ വലിയ പാത്രങ്ങളുമായി താഴേക്ക് വരൂ. ഞാൻ നിങ്ങൾക്ക് കഢി ഖിച്ച്ഡി ഉണ്ടാക്കിത്തരാം.”
മജീദ് ചാടിയെഴുന്നേറ്റു : “കഢി ഖിച്ച്ഡി? കഢി ഖിച്ച്ഡി? അത് ശവസംസ്കാരച്ചടങ്ങിന് വിളമ്പുന്ന ഭക്ഷണമല്ലേ?” മജീദിൻ്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി.
“അതെ മജീദ് ഭായി” ജയ് ഭവാനി പറഞ്ഞു. “നിങ്ങളെല്ലാവരും മരിക്കാൻ പോകുകയാണ്.”
തൻ്റെ ജീവിതം തന്നെ തകർന്നടിയാൻ പോകുന്നു എന്ന് മനസിലാകാൻ നിരവധി സൂചനകൾ അബ്ദുൾ മജീദിന് ലഭിച്ചിരുന്നു. അതിൽ ഏറ്റവും വ്യക്തമായ സൂചന ആയിരുന്നു ഖിച്ചഡി .
തലേദിവസം റെയിൽവേ സ്റ്റാളിൽ “സന്ദേശ്” ദിനപ്പത്രം വിൽക്കുന്ന പയ്യൻ പത്രത്തിലെ “ഖൂൻ കാ ബദ്ലാ ഖൂൻ” ( ചോരയ്ക്ക് പകരം ചോര) എന്ന തലക്കെട്ട് ഉറക്കെ വായിച്ചപ്പോഴും രാത്രിയിൽ കടയടക്കാൻ നേരത്ത് വീട്ടിലേയ്ക്ക് പോയ ജയ് ഭവാനി ഒരു ബാരൽ നിറയെ പെട്രോളുമായി പോയപ്പോഴും മജീദിന് അത്രയും ഭയം തോന്നിയിരുന്നില്ല.
പിറ്റേ ദിവസം ഖിച്ച്ഡിയുടെ സൂചനയിൽ ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങിയോടിയ മജീദിൻ്റെ കുടുംബത്തെ മുഴുവൻ ജയ് ഭവാനിയും സുഹൃത്തുക്കളും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തി. അതിനുശേഷം അവരുടെ മൃതദേഹങ്ങൾ മൂന്നാം നമ്പർ കിണറ്റി (തീസരാ കുവാ) ലെറിഞ്ഞ് പെട്രോളൊഴിച്ച് കത്തിച്ചു. മജീദിന് നഷ്ടമായത് ഗർഭിണിയായ ഭാര്യയെയും ആറു മക്കളെയും ഭാര്യാ മാതാവിനെയുമായിരുന്നു.
മജീദിൻ്റെ കഥ വിവരിച്ചുകൊണ്ടാണ് രേവതി ലോൽ എന്ന മാധ്യമപ്രവർത്തകയുടെ “അനാട്ടമി ഓഫ് ഹേറ്റ്” അഥവാ “വെറുപ്പിൻ്റെ ഘടനാ ശാസ്ത്രം” എന്ന പുസ്തകം ആരംഭിക്കുന്നത്.
ഗുജറാത്ത് കലാപം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നിയമസഹായം നൽകിയിരുന്ന തീസ്ത സെതൽവാദ് എന്ന സാമൂഹ്യപ്രവർത്തകയെ അവരുടെ മുംബൈയിലെ ഓഫീസിൽ നിന്നും ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടുപിന്നാലെ ഗുജറാത്തിലെ ഇൻ്റലിജൻസ് ഡിജിപി ആയിരുന്ന ആർബി ശ്രീകുമാറും കസ്റ്റഡിയിലായി. അടിയന്തിരാവസ്ഥയുടെ നാൽപ്പത്തിയേഴാം വാർഷികദിനമായ ജൂൺ 25നാണ് ഈ അറസ്റ്റ് എന്നത് യാദൃശ്ചികത മാത്രമാകാം.
അഹമ്മദാബാദിലെ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ആയ ദർശൻ സിങ് ബി ബറാദ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഗുജറാത്തിലെ മുൻ പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ഒന്നാം പ്രതിയും ശ്രീകുമാർ, തീസ്ത എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്.
2002-ലെ ഗുജറാത്ത് കലാപവും വംശഹത്യയും അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം, കേസിൽ പ്രതികളായിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കം 64 പേർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വന്നതിൻ്റെ അടുത്ത ദിവസമായിരുന്നു തീസ്തയുടെ അറസ്റ്റ്. കലാപത്തിനിടെ നടന്ന ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും എം പിയുമായിരുന്ന ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതി മോദിയടക്കമുള്ളവരുടെ ക്ലീൻ ചിറ്റ് ശരിവെച്ചത്. വിധിയിൽ കേസിലെ ഇരകൾക്കൊപ്പം നിന്ന തീസ്തയടക്കമുള്ളവർക്കെതിരെ പരാമർശങ്ങളും ഉണ്ടായി.
ജൂൺ 24-ന് കോടതി വിധി, ജൂൺ 25-ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അന്ന് വൈകുന്നേരം നടക്കുന്ന അറസ്റ്റ്, എന്നിങ്ങനെ നാടകീയമായ ഈ സംഭവങ്ങൾക്ക് പിന്നിൽ എന്താണ്? ആരാണ് തീസ്ത സെതൽവാദ്? തീസ്തയ്ക്കും സഞ്ജീവ് ഭട്ടിനും ശ്രീകുമാറിനും ഗുജറാത്ത് കലാപക്കേസുകളുടെ അന്വേഷണഘട്ടത്തിലെ റോൾ എന്തായിരുന്നു? അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ചരിത്ര സന്ദർഭങ്ങൾ- ഗുജറാത്ത് കലാപമുൾപ്പടെയുള്ളവ- പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചരിത്രം പുനർനിർമിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് ചരിത്രത്തെ ഓർമകളിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
ഗുജറാത്ത് കലാപം
2002 ഫെബ്രുവരി മാസം അവസാനം ഗുജറാത്തിൽ നടന്ന വർഗീയ കലാപം ഇന്ത്യയുടെ ചരിത്രത്തിലെ മറക്കാനാകാത്ത ഒരേടാണ്. ഗുജറാത്ത് കലാപത്തെ കലാപമെന്നല്ല വംശഹത്യയെന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന അഭിപ്രായം നിരവധി സാമൂഹ്യശാസ്ത്ര ഗവേഷകർ പ്രകടിപ്പിച്ചിട്ടുണ്ട്. 2002 ഫെബ്രുവരി 27-ന് അയോധ്യയിൽ നിന്നും അഹമ്മദാബാദിലേയ്ക്ക് പോകുകയായിരുന്ന സബർമതി എക്സ്പ്രസ് ഗോധ്ര സ്റ്റേഷനിൽ വെച്ച് ആക്രമിക്കപ്പെട്ടു. ട്രെയിനിനുള്ളിൽ നിറയെ അയോധ്യയിൽ പോയിവന്ന “കർസേവക”രായിരുന്നു. ഈ കർസേവകരും ഗോധ്ര സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ചായയും മറ്റും കച്ചവടം ചെയ്യുന്നവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടയിൽ സബർമതി എക്സ്പ്രസിൻ്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. ഈ തീപിടുത്തത്തിൽ 59 പേർ വെന്തുമരിക്കുകയും ചെയ്തു. ഇതിൽ 9 പുരുഷന്മാരും 25 സ്ത്രീകളും 25 കുട്ടികളും ഉൾപ്പെട്ടിരുന്നു.
അന്ന് വൈകുന്നേരം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഗോധ്ര സന്ദർശിച്ചു. കേശുഭായ് പട്ടേലിനെ പാർട്ടി ദേശീയ നേതൃത്വത്തെക്കൊണ്ട് പുറത്താക്കിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പകരക്കാരനായി 2001 ഒക്ടോബറിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്കോട്ട് 2 നിയമസഭാ സീറ്റിൽ നിന്നും മോദി തൻ്റെ ജീവിതത്തിലെ ആദ്യത്തെ തെരെഞ്ഞെടുപ്പ് വിജയിച്ചിട്ട് 3 ദിവസമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയും കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ലാൽ കൃഷ്ണ ആഡ്വാണിയും കാണിച്ച പക്വത മോദിയുടെ പ്രസ്താവനയ്ക്കുണ്ടായിരുന്നില്ല.
ഗോധ്രയിൽ നടന്നത് തീവ്രവാദി ആക്രമണമായിരുന്നു എന്നും അത് മുൻ കൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയതാണ് എന്നുമായിരുന്നു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന. മോദിയുടെ ഈ പ്രസ്താവനയുടെ തുടർച്ചയായി പാകിസ്ഥാനിലെ ചാരസംഘടനയാണ് തീവണ്ടി ആക്രമണത്തിന് പിന്നിലെന്നും അതിന് പ്രദേശവാസികളായ മുസ്ലീങ്ങളുടെ പിന്തുണയുണ്ടായിരുന്നു എന്നുമുള്ള വലിയ നുണകൾ പ്രാദേശിക ദിനപ്പത്രങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെട്ടു. ഖൂൻ കാ ബദ്ലാ ഖൂൻ എന്നമട്ടിലുള്ള തലക്കെട്ടുകൾ പത്രങ്ങളിൽ അച്ചടിക്കപ്പെട്ടു.
സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷദ് പിറ്റേദിവസം സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചു. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ റാണ രാജേന്ദ്ര സിങ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
അന്നുമുതൽ ദിവസങ്ങളോളം സംസ്ഥാനത്ത് നടന്നത് അക്ഷരാർത്ഥത്തിൽ വെറുപ്പിൻ്റെയും ഹിംസയുടെയും വിളയാട്ടമായിരുന്നു. ഗുജറാത്തിലെ തെരുവുകളും റസിഡൻഷ്യൽ ഏരിയകളും കുരുതിക്കളമായി. കത്തിക്കരിഞ്ഞ മൃതശരീരങ്ങളും അറ്റുപോയ തലകളും കത്തിയെരിയുന്ന ഭവനങ്ങളും… തിന്മയും വെറുപ്പും ആയുധത്തിലും അഗ്നിയിലും ആവേശിച്ച് മനുഷ്യത്വത്തെ കൊത്തിനുറുക്കുകയും കത്തിക്കുകയും ചെയ്തു. ഒറ്റരാത്രിയിൽ കലാപഭൂതമാവേശിച്ച മനുഷ്യർ തങ്ങളെ നയിച്ച വെറുപ്പിൻ്റെ പ്രത്യയശാസ്ത്രത്തിൻ്റെ വക്താക്കൾക്കൊപ്പം കൊള്ളയും കൊലയും ബലാൽസംഗവും നടത്തി. നരോദ പാട്യ, ഗുൽബർഗ സൊസൈറ്റി, നരോദ ഗാം.. അങ്ങനെ നിരവധി സ്ഥലങ്ങളുടെ പേരുകൾ കൂട്ടക്കൊലകളുടെ പര്യായപദങ്ങളായി മാറി.
ഫെബ്രുവരി 28-ന് അഹമ്മദാബാദിലും രാജ്കോട്ടിലും വഡോദരയിലുമെല്ലാം മുസ്ലീങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ തെരെഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടു. ആയിരക്കണക്കിന് മുസ്ലീങ്ങളുടെ വീടുകളും മുസ്ലീം ഉടമസ്ഥതയിലുള്ള കടകളും സ്ഥാപനങ്ങളും തകർക്കപ്പെട്ടു. പലതും അഗ്നിക്കിരയായി. ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന് താമസിച്ചിരുന്ന അഹമ്മദാബാദിലായിരുന്നു ഏറ്റവും വലിയ ആക്രമണങ്ങൾ ഉണ്ടായത്.
ദ വീക് മാഗസിൻ, സൈലൻസ് ഓഫ് ദ ലാമ്പ്സ് എന്ന പേരിൽ 2002 ഏപ്രിൽ 4-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 1679 വീടുകൾ, 1965 കടകൾ, 21 ഗോഡൗണുകൾ എന്നിവയാണ് അഹമ്മദാബാദിൽ മാത്രം അഗ്നിക്കിരയായത്. 204 ഷോപ്പുകൾ കൊള്ളയടിക്കപ്പെട്ടു. 76 ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ഇവയിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളുടേതായിരുന്നു. പലയിടങ്ങളിലും ആയിരക്കണക്കിന് വരുന്ന അക്രമികളെ ട്രക്കുകളിലാണ് എത്തിച്ചത്. കാക്കിനിക്കറും തലയിൽ കാവി സ്കാർഫും കെട്ടിയ ഇവരുടെ കയ്യിൽ വാളുകളും തൃശൂലങ്ങളും സ്ഫോടകവസ്തുക്കളും ഗ്യാസ് സിലിൻഡറുകളും ഉണ്ടായിരുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട് പറയുന്നു.
ഈ അക്രമികളുടെ കയ്യിൽ വോടർ പട്ടികയും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും ലഭിച്ച മുസ്ലീം വീടുകളുടെയും സ്ഥാപനങ്ങളുടെയും പട്ടികയും ഉണ്ടായിരുന്നു. സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ മുസ്ലീം സ്ഥാപനങ്ങളെയും വീടുകളെയും വേർതിരിച്ച് തയ്യാറാക്കുന്നതിനായി വിഎച്ച്പി വോളണ്ടിയർമാർ രാവും പകലും ജോലി ചെയ്തിരുന്നതായി ഔട്ട്ലുക്ക് മാഗസിനിൽ 2002 മാർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിഎച്ച്പിയുടെ ചില ഭാരവാഹികളെ ഉദ്ധരിച്ച് ബർഖാ ദത്ത് എഴുതിയിരുന്നു.
അതേസമയം ഈ പട്ടിക അന്ന് രാവിലെതന്നെ തയ്യാറാക്കിയതാണെന്നായിരുന്നു വിശ്വ ഹിന്ദു പരിഷദിൻ്റെ സംസ്ഥാന അധ്യക്ഷനായിരുന്നു കേശവ് റാം കാശിറാം ശാസ്ത്രിയുടെ വാദം. വാദങ്ങളിലേത് ശരിയായാലും പട്ടിക തയ്യാറാക്കി ഒരു സമുദായത്തിൽപ്പെടവരെ ആക്രമിച്ചു എന്നത് വാസ്തവമായിരുന്നു.
സുന്ദരം നഗറിലെ കത്തിയമർന്ന ഒരു മദ്രസയുടെ ചുവരിൽ പെയിൻ്റ് കൊണ്ട് ഇങ്ങനെ എഴുതിയിരുന്നു: യേ അന്തർ കി ബാത് ഹേ; പൊലീസ് ഹമാരേ സാത് ഹേ” — ഇത് ഉള്ളിലെ വിവരമാണ്. പൊലീസ് ഞങ്ങളുടെ കൂടെയാണ്.
മേൽപ്പറഞ്ഞ വാചകം മുസ്ലീം കോളനികൾ ആക്രമിക്കപ്പെടയിടങ്ങളിലെല്ലാം വെല്ലുവിളി മുദ്രാവാക്യം പോലെ ഉയർത്തപ്പെട്ടു. വഡൊദരയിലെ വാദിയിൽ മുസ്ലീം കടകൾ കത്തിക്കുന്ന അക്രമികൾ ഈ മുദ്രാവാക്യമായിരുന്നു വിളിച്ചിരുന്നത്.
അത് വെറുമൊരു വാചകം മാത്രമായിരുന്നില്ല. ചില സത്യങ്ങളും ഉണ്ടായിരുന്നു എന്നതാണ് അക്കാലത്തെ പത്രറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് ചാർതോദ കബറിസ്ഥാൻ അഭയാർത്ഥി ക്യാമ്പിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു.
“ആദ്യം ആക്രമിക്കാൻ വന്ന ജനക്കൂട്ടത്തെ നേരിടാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ പൊലീസും അവരോടൊപ്പം ചേർന്നപ്പോൾ ഞങ്ങൾക്ക് അവരെ തടയാൻ കഴിയാതെയായി. ഞങ്ങളുടെ ആത്മവീര്യം തകർന്നു. കൊല്ലൂ, വെട്ടൂ, മിയാഭായി എവിടെയെന്ന് നോക്കൂ എന്നൊക്കെ അവർ അലറുന്നുണ്ടായിരുന്നു. പൊലീസുകാർ തന്നെയാണ് വീടുകൾ കത്തിച്ചത്. അവരും കൊള്ള നടത്തി. പൊലീസിനെ ഞങ്ങൾക്ക് ഭയമായി. അവർ മുസ്ലീങ്ങളുടെ നേരേ മാത്രമാണ് വെടിവെച്ചത്. അത് കലാപം നിയന്ത്രിക്കാനായിരുന്നില്ല.”
ബാപ്പുനഗർ പൊലീസ് സ്റ്റേഷന് സമീപം പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട 40 പേരും മുസ്ലീങ്ങളായിരുന്നു. ഇരുപതിനും 25നുമിടയിൽ പ്രായമുള്ള ഇവരിൽ എല്ലാവരുടെയും തലയിലും നെഞ്ചിലുമായിരുന്നു വെടിയേറ്റതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
പൊലീസ് വെടിവെയ്പുകൾ കലാപം അടിച്ചമർത്താൻ മാത്രമായിരുന്നെന്ന് നരേന്ദ്ര മോദി ന്യായീകരിച്ചു. എന്നാൽ മോദി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ – അശോക് ഭട്ടും ഐകെ ജഡേജയുമായിരുന്നു പൊലീസ് കണ്ട്രോൾ റൂമിലിരുന്ന് പൊലീസിനെ നിയന്ത്രിച്ചതെന്നും ആരോപണങ്ങളുയർന്നിരുന്നു. ഡിജിപിയടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ “ഹിന്ദുക്കൾ പ്രതികരിക്കും, അത് തടയേണ്ടതില്ല” എന്ന് മോദി പറഞ്ഞെന്നായിരുന്നു പ്രധാന ആരോപണം. അന്നത്തെ അഹമ്മദാബാദ് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന സഞ്ജീവ് ഭട്ടും ഏഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാറും അന്ന് മന്ത്രിസഭയിലെ അംഗമായിരുന്ന ഹരേൻ പാണ്ഡ്യയും അന്വേഷണ സംഘത്തിന് ഇത്തരത്തിൽ മൊഴി നൽകിയിരുന്നു. ഈ ആരോപണങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് മോദിയടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ സുപ്രീം കോടതിവിധിയിൽ പരാമർശിക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഗുജറാത്ത് കലാപത്തിൽ 1044 പേർ കൊല്ലപ്പെടുകയും 223 പേരെ കാണാതാകുകയും 2500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ 790 പേർ മുസ്ലീം വിഭാഗത്തിൽപ്പെടവരും 254 പേർ ഹിന്ദു വിഭാഗത്തിൽപ്പെടവരുമായിരുന്നു. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം രണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത ചോരക്കളിയായിരുന്നു ഗുജറാത്ത് കലാപം.
” സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുക എന്നത് ഹിംസയുടെ ഒരു ഉപകരണമായി ഉപയോഗിക്കുന്ന ഇത്രയും ഭീകരമായ മറ്റൊരു കലാപത്തെക്കുറിച്ച് എനിക്കറിയില്ല” എന്നായിരുന്നു സാമൂഹ്യ പ്രവർത്തകനായ ഹർഷ് മന്ദെർ പറഞ്ഞത്.
ഇരുനൂറ്റിയൻപതോളം സ്ത്രീകളെയാണ് കലാപകാരികൾ കൂട്ടബലാൽസംഗത്തിനിരയാക്കിയ ശേഷം ജീവനോടെ ചുട്ടെരിച്ചത്. ഗർഭിണികളുടെ വയറ് കുത്തിപ്പിളർന്ന് ഭ്രൂണം പുറത്തെടുത്തായിരുന്നു അവരെ കൊന്നത്. പല സ്ത്രീകളെയും നഗ്നരായി നടത്തുകയും ഗുഹ്യഭാഗങ്ങളിൽ കമ്പി പോലുള്ള വസ്തുക്കൾ കുത്തിക്കയറ്റുകയും ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയത്. കുട്ടികളെ മാതാപിതാക്കളുടെ മുൻപിലിട്ടാണ് കൊലപ്പെടുത്തിയത്. പല കുട്ടികളുടെയും വായിലൂടെ പെട്രോൾ ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു.
നരോദ പാട്യ കൂട്ടക്കൊല
ഗുജറാത്ത് കലാപത്തിലെ ഏറ്റവും ഭീകരമായ സംഭവം നരോദ പാട്യ കൂട്ടക്കൊലയായിരുന്നു. അഹമ്മദാബാദിൻ്റെ പ്രാന്ത പ്രദേശത്തുള്ള നരോദ പാട്യ സാധാരണക്കാരായ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്നു. ഫെബ്രുവരി 28ന് രാവിലെ 9 മണിയോടെ നരോദ പാട്യ നിവാസികൾ കാണുന്നത് തങ്ങളുടെ പ്രദേശം വളയുന്ന ആയിരക്കണക്കിന് വരുന്ന അക്രമകാരികളായ ജനക്കൂട്ടത്തെയാണ്. ഭാരതീയ ജനതാ പാർട്ടിയുടേയും, ബജ്രംഗദളിന്റേയും നേതൃത്വത്തിൽ ഏതാണ്ട് 5000 ഓളം വരുന്ന ജനക്കൂട്ടം നരോദ പാട്യ പ്രദേശത്ത് അക്രമം അഴിച്ചു വിട്ടു. അക്രമികൾ വീടുകൾക്കു തീവെച്ചു. ആളുകളെ കൂട്ടത്തോടെ, ഓടിച്ച് വലിയ കുഴികളിൽ തള്ളിയിട്ടശേഷം, എൽപിജി സിലിണ്ടറുകൾ ഉപയോഗിച്ച് തീകൊളുത്തി ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നു. പലരെയും തീവെച്ചു കൊന്നശേഷം, മൃതശരീരം അടുത്തുള്ള കിണറിൽ വലിച്ചെറിഞ്ഞു.
നരോദ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്ന മായാ കോഡ്നാനി ബജ്രംഗ്ദൾ നേതാവായിരുന്ന ബാബു ബജ്രംഗിയുമായിരുന്നു അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് സാക്ഷികൾ മൊഴിനൽകിയിരുന്നു. 2007-ൽ മായാ കോഡ്നാനിയെ മോദി മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ മന്ത്രിയാക്കി. 2009-ൽ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ അവർ മന്ത്രിയായി തുടർന്നു. 2012-ൽ അവരെ പ്രത്യേക കോടതി 28 വർഷം തടവിന് ശിക്ഷിച്ചു. 2013 നവംബറിൽ മായ കോഡ്നാനിയ്ക്ക് കുടലിലെ ക്ഷയരോഗത്തിൻ്റെ ചികിൽസയ്ക്കായി 3 മാസത്തെ ഇടക്കാല ജാമ്യം ലഭിച്ചു. 2014 ജൂലൈയിൽ അവർക്ക് ചികിൽസയ്ക്കായി ജാമ്യം അനുവദിച്ച ഗുജറാത്ത് ഹൈക്കോടതി അവരുടെ ശിക്ഷ താൽകാലികമായി മരവിപ്പിച്ചു. 2018-ൽ വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ തള്ളിയ ഹൈക്കോടതി മായ കോഡ്നാനിയെ വെറുതെവിട്ടു.
പൂർണഗർഭിണിയായിരുന്ന കൗസർബിയെ മൂന്നാം നമ്പർ കിണറിന് സമീപം ആൾക്കൂട്ടം വളഞ്ഞു. അവരുടെ ഭർത്താവ് ഫിറോസ് ഭായി റോഡിൻ്റെ എതിർഭാഗത്ത് നിൽക്കുകയായിരുന്നു. റോഡ് നിറയെ അക്രമാസക്തരായ ജനക്കൂട്ടവും ആളിക്കത്തുന്ന തീയുമെല്ലാം. ഫിറോസിന് അപ്പുറത്തെന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കഴിഞ്ഞില്ല. എന്നാൽ കൂടിക്കിടക്കുന്ന ശവങ്ങളുടെയിടയിൽ മരിച്ചതുപോലെ അഭിനയിച്ച് കിടക്കുന്ന കൗസർബിയുടെ സഹോദരപുത്രൻ ജാവേദ് എല്ലാം കാണുന്നുണ്ടായിരുന്നു. ബാബു ബജ്രംഗിയും ജയ് ഭവാനിയും സുരേഷ് ലങ്ങ്ഡോയും ഗുഡ്ഡു ഛാരയും ചേർന്ന് കൗസർബിയെ കൊലപ്പെടുത്തി. അവരുടെ നിറവയർ വാളുകൊണ്ട് പിളർന്ന് ഭ്രൂണത്തെ പുറത്തെടുത്ത് അതിനെയും കൊന്നു.
2007 നവംബറിൽ തെഹൽക മാഗസിൻ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളിൽ ബാബു ബജ്രംഗി താൻ എങ്ങനെയാണ് കൗസർ ബീയുടെ വയറ് പിളർന്നതെന്ന് ഒരുതരം ഉന്മാദത്തോടെ വിശദീകരിക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം കൊല്ലുമ്പോൾ താൻ മഹാറാണാ പ്രതാപ് ആണെന്ന് തനിക്ക് തോന്നിയെന്നും ബാബു ബജ്രംഗി പറഞ്ഞു. നരോദ പാട്യയിലെ അരുംകൊലകൾക്ക് ശേഷം താൻ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഗോവർദ്ധൻ സദഫിയയെയും വിശ്വഹിന്ദു പരിഷദ് ജനറൽ സെക്രട്ടറിയായിരുന്ന ജയ്ദീപ് പട്ടേലിനെയും ഫോൺ ചെയ്ത് തൻ്റെ ചെയ്തികൾ അറിയിച്ചെന്നും ബജ്രംഗി പറയുന്നുണ്ട്. താൻ ജയിൽമോചിതനാകുമെന്ന് ഉറപ്പുവരുത്താൻ നരേന്ദ്ര മോദി മൂന്ന് ജഡ്ജിമാരെ മാറ്റിയെന്നും അതിൽ 2 പേർ തന്നെ തൂക്കാൻ വിധിക്കാൻ സാധ്യതയുണ്ടായിരുന്നെന്നും ബാബു ബജ്രംഗി വീഡിയോയിൽ പറയുന്നു. തനിക്ക് മൗണ്ട് അബുവിലെ ഗുജറാത്ത് ഭവനിൽ ഒളിവിൽ കഴിയാനുള്ള സൗകര്യം ചെയ്തുതന്നത് നരേന്ദ്ര മോദിയാണെന്നും ബജ്രംഗി അവകാശപ്പെടുന്നുണ്ട്. നരോദയിലെ കൂട്ടക്കൊലയ്ക്ക് ശേഷം വൈകുന്നേരം നരേന്ദ്ര മോദി അവിടം സന്ദർശിച്ചെന്നും മാലയിടൽ അടക്കമുള്ള സ്വീകരണങ്ങൾ തങ്ങൾ മോദിയ്ക്ക് നൽകിയെന്നും ബാബു ബജ്രംഗിയും മഒറ്റ്രു പ്രതിയായ സുരേഷ് റിച്ചാർഡും തെഹൽകയുടെ ഒളിക്യാമറയ്ക്ക് മുന്നിൽ പറയുന്നുണ്ട്.
എന്നാൽ ഒരാൾ ഒളിക്യാമറയിൽ തൻ്റെ തന്നെ തെറ്റുകൾ ഏറ്റുപറയുന്ന അതേ ഗൗരവത്തോടെ മറ്റൊരാളുടെ ചെയ്തികളെക്കുറിച്ച് പറയുന്നത് കണക്കിലെടുക്കാൻ കഴിയില്ലെന്നായിരുന്നു മോദിയെക്കുറിച്ചുള്ള പരാമർശങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിൻ്റെ നിലപാട്. ഈ നിലപാട് സുപ്രീം കോടതി ശരിവെയ്ക്കുകയും ചെയ്തു
2012 ഓഗസ്റ്റിൽ ബാബു ബജ്രംഗിയ്ക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാൽ മോശം ആരോഗ്യസ്ഥിതിയുടെ പേരിൽ ആദ്യത്തെ നാലുവർഷത്തിനിടയിൽ 14 തവണയാണ് ബാബു ബജ്രംഗിയ്ക്ക് പരോൾ ലഭിച്ചത്. സബർമതി സെൻട്രൽ ജയിലിൽക്കഴിയുന്ന ബാബു ബജ്രംഗിയ്ക്ക് ഭാഗികമായ അന്ധതയും ബധിരതയും ബാധിച്ചതിനാൽ 2017-ൽ ഒരു അറ്റൻഡൻ്റിനെയും അനുവദിച്ചു. പൂർണമായ അന്ധത, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയാൽ പരോൾ വേണമെന്നാവശ്യപ്പെട്ട് ബാബു ബജ്രംഗി സുപ്രീം കോടതിയിൽ സമർപ്പിച്ച പരോൾ ഹർജിയിൽ ഗുജറാത്ത് സർക്കാർ അനുകൂല നിലപാടറിയിച്ചതിനാൽ കോടതി ബാബുവിന് 2019-ൽ പരോൾ അനുവദിച്ചു.
ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊല
ഗുജറാത്ത് കലാപത്തിലെ മറക്കാനാകാത്ത മറ്റൊരധ്യായം ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയാണ്.
മുസ്ലീം വിഭാഗത്തിലെ ഉപരിമധ്യവർഗക്കാർ താമസിക്കുന്ന 29 ബംഗ്ലാവുകളും 10 അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളുമുള്ള ഗുൽബർഗ സൊസൈറ്റി എന്ന റസിഡൻഷ്യൽ ഏരിയ ചമൻപുര എന്ന അഹമ്മദാബാദിലെ ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള പ്രദേശത്താണ്. 2002 ഫെബ്രുവരി 28 ന് രാവിലെ ആയിരക്കണക്കിന് വരുന്ന അക്രമാസക്തമായ ആൾക്കൂട്ടം ഗുൽബർഗ സൊസൈറ്റി വളഞ്ഞപ്പോൾ തദ്ദേശവാസികളായ മുസ്ലീങ്ങൾ അഭയത്തിനായി ഓടിയെത്തിയത് കോൺഗ്രസ് നേതാവും എം പിയുമായ എഹ്സാൻ ജഫ്രിയുടെ വീട്ടിലാണ്.
എഹ്സാൻ ജഫ്രി ഡിജിപിയെയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും വിളിച്ച് സഹായം അഭ്യർത്ഥിച്ചതായി ആരോപണമുണ്ടായിരുന്നു. എന്നാൽ സഹായങ്ങളൊന്നും ലഭിച്ചില്ല. എഹ്സാൻ ജഫ്രിയുടെ വീട്ടിലേയ്ക്ക് ഇരച്ച് കയറിയ ആൾക്കൂട്ടം അദ്ദേഹത്തെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി തലവെട്ടിയ ശേഷം കത്തിച്ചു. ജഫ്രിയ്ക്കൊപ്പം 69 പേരാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടത്.
എഹ്സാൻ ജഫ്രിയടക്കം 69 പേർ കൊല്ലപ്പെട്ട ആ കൂട്ടനരഹത്യയിൽ കോൺഗ്രസ് നേതാവായിരുന്ന മേഘ്സിങ് ചൗധരിയും വിഎച്ച്പി നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു. തന്നെ രാഷ്ട്രീയത്തിൽ വളർത്തിയ തൻ്റെ ഗുരുസ്ഥാനത്തുള്ള, തൻ്റെ പിതാവിൻ്റെ സുഹൃത്തായ , താൻ ചാച്ച എന്ന് വിളിച്ചിരുന്ന എഹ്സാൻ ജഫ്രിയെ വെട്ടിനുറുക്കാൻ വിഎച്ച്പി നേതാവായ ബിപിൻ പട്ടേലിനൊപ്പം മേഘ്സിങ്ങും കൂടി. തങ്ങളെ ഒന്നും ചെയ്യരുതെന്ന് എഹ്സാൻ ജഫ്രി പലതവണ അക്രമികളോട് കൈകൂപ്പി അപേക്ഷിച്ചിട്ടും അവർ അദ്ദേഹത്തെ വെറുതെ വിട്ടില്ലെന്ന് സാക്ഷികൾ പറയുന്നു. ഒടുവിൽ താൻ ആക്രമിക്കപ്പെടുന്ന ഘട്ടത്തിൽ അദ്ദേഹം സ്വയരക്ഷയ്ക്കായി തൻ്റെ പിസ്റ്റൾ എടുത്ത് വെടിവെയ്ക്കുകയും ചെയ്തു.
ഗുൽബർഗയും നരോദ പാട്യയും എടുത്ത് പറയപ്പെടുന്ന രണ്ടുദാഹരണങ്ങൾ മാത്രമാണ്. കലാപത്തിൽ ഇത്തരത്തിൽ വലുതും ചെറുതുമായ നിരവധി കൂട്ടക്കൊലകളും ആക്രമണങ്ങളും ഉണ്ടായിരുന്നു. ദാഹോദ് ജില്ലയിലെ രന്ധിക്പൂർ ഗ്രാമത്തിൽ നിന്നും ആക്രമണം ഭയന്ന് ഓടിപ്പോയ 19 വയസുള്ള ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസംഗത്തിനിരയാക്കിയതും മുഴുവൻ കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയതും അവരുടെ അയൽക്കാരും അറിയുന്നവരുമായിരുന്നു. മൂന്നരവയസുള്ള തൻ്റെ കുട്ടിയെ അക്രമികൾ കാലിൽ തൂക്കിയെടുത്ത് നിലത്തടിക്കുന്നത് കാണേണ്ടിവന്ന ഹതഭാഗ്യകൂടിയാണ് ബിൽക്കിസ്. തനിക്ക് കുട്ടിക്കാലം മുതൽ അറിയുന്നയാൾ പോലും തന്നെ ക്രൂരമായി ബലാൽസംഗം ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു എന്ന് ബിൽക്കിസ് നടുക്കത്തോടെ ഓർമിക്കുന്നു. സർദാർപുര കൂട്ടക്കൊല, ഓദെ കൂട്ടക്കൊല, നരോദ ഗാം കൂട്ടക്കൊല, വഡോദരയിലെ ബെസ്റ്റ് ബേക്കറി കേസ്, അവധൂത് നഗർ കേസ് എന്നിങ്ങനെ ചെറുതും വലുതുമായ സംഹാരതാണ്ഡവങ്ങളുടെ ഒരു ഇൻ്റഗ്രേഷൻ ആണ് ഗുജറാത്ത് കലാപം.
ഗുജറാത്ത് കലാപത്തെക്കുറിച്ച് നടന്ന ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ അന്വേഷണങ്ങളുടെ എണ്ണം അറുപതിന് മുകളിലാണ്. ഇതിൽ ബഹുഭൂരിപക്ഷം ഏജൻസികളുടെയും നിഗമനം ഈ കലാപം സ്റ്റേറ്റിൻ്റെ പിന്തുണയോടെ നടന്ന നടന്ന ഒന്നായിരുന്നു എന്നാണ്.
ദിവസങ്ങൾ നീണ്ട കലാപത്തിൽ ആദ്യത്തെ 36 മണിക്കൂർ സർക്കാർ സംവിധാനങ്ങൾ ഇടപെട്ടതേയില്ല. പിന്നീട് ആർമി രംഗത്തിറങ്ങിയാണ് കലാപം അടിച്ചമർത്തിയത്. 2002 മാർച്ച് 6-ന് ഗോധ്രയിലെ തീവണ്ടി കത്തിച്ച സംഭവം അന്വേഷിക്കാൻ സർക്കാർ, ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കെജി ഷാ അധ്യക്ഷനായ ഒരു ജുഡിഷ്യൽ കമ്മീഷനെ നിയമിച്ചു. എന്നാൽ മോദിയോട് വളരെ അടുപ്പമുള്ള കെജി ഷായുടെ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെട്ടപ്പോൾ 2002 മേയ് 21-ന് മറ്റൊരു വിരമിച്ച ജഡ്ജിയായ ജിടി നാനാവതിയെക്കൂടി ചേർത്ത് അതൊരു ദ്വയാംഗ കമ്മീഷൻ ആക്കിമാറ്റി. 2004-ൽ കേന്ദ്രത്തിൽ യുപിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ കമ്മീഷൻ്റെ അന്വേഷണപരിധിയിൽ ഗോധ്ര സംഭവത്തോടൊപ്പം “ഗോധ്രാനന്തര കലാപം” കൂടി ഉൾപ്പെടുത്തി. 2008 മാർച്ച് 22-ന് ജസ്റ്റിസ് ഷാ അന്തരിച്ചു. ഏപ്രിലിൽ ഷായ്ക്ക് പകരം ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും വിരമിച്ച മറ്റൊരു ജഡ്ജിയായ അക്ഷയ് ജെ മേഹ്തയെ പാനലിൽ ഉൾപ്പെടുത്തി. ബാബു ബജ്രംഗിയ്ക്ക് ജാമ്യം അനുവദിച്ച ജഡ്ജിയായിരുന്നു മേഹ്ത.
2008 സെപ്റ്റംബറിൽ നാനാവതി-മേഹ്ത കമ്മീഷൻ റിപ്പോർട്ടിൻ്റെ ആദ്യഭാഗം സമർപ്പിച്ചു. സബർമതി എക്സ്പ്രസിന് തീവെച്ച സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത സംഭവമായിരുന്നു എന്നായിരുന്നു കമ്മീഷൻ്റെ കണ്ടെത്തൽ. തലേദിവസം പെട്രോൾ വാങ്ങിവെയ്ക്കുന്നതടക്കമുള്ള ആസൂത്രണം ഗോധ്ര ആക്രമണത്തിൽ ഉണ്ടായിരുന്നു എന്നായിരുന്നു കമ്മീഷൻ്റെ നിഗമനം. ഗോധ്രാനന്തര കലാപത്തെക്കുറിച്ചുള്ള അന്വേഷണവും ചേർത്ത് 2014 നവംബർ മാസത്തിൽ നാനാവതി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നരേന്ദ്ര മോദിയ്ക്കും സംസ്ഥാനസർക്കാരിനും ക്ലീൻ ചിറ്റ് നൽകിയിരുന്നു. രണ്ടായിരം പേജുകളുള്ള റിപ്പോർട്ടിന് ഒൻപത് വോള്യങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ തീസ്ത സെതൽവാദ് അധ്യക്ഷ്യയായ കൺസേൺഡ് സിറ്റിസൺസ് ട്രൈബ്യൂണൽ എന്ന സ്വതന്ത്ര ഏജൻസി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ ജുഡിഷ്യൽ കമ്മീഷൻ്റെ കണ്ടെത്തലുകൾക്ക് വിരുദ്ധമായിരുന്നു.
ഗുജറാത്ത് കലാപക്കേസുകൾ അന്വേഷിക്കുന്നതിലും എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്യുന്നതിലുമുള്ള സംസ്ഥാന സർക്കാരിൻ്റെയും ആഭ്യന്തരവകുപ്പിൻ്റെയും വീഴ്ചകൾ ദേശീയതലത്തിൽ തന്നെ ചർച്ചയായിരുന്നു. ശരിയായ കേസന്വേഷണത്തിനായി എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയും നിയമ പോരാട്ടം നടത്തി. തീസ്ത സെതൽവാദും മുകുൾ സിൻഹയുമടക്കമുള്ള നിരവധി സാമൂഹ്യ പ്രവർത്തകർ അവർക്കൊപ്പം ഈ പോരാട്ടത്തിൽ പങ്കുചേർന്നു. സാക്കിയ ജഫ്രിയുടെ അപ്പീലിന്മേൽ ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊല അടക്കമുള്ള 9 കേസുകളിൽ പുനരന്വേഷണം നടത്താൻ 2008 മാർച്ച് 26-ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനായി, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മുൻ സിബിഐ ഡയറക്ടർ ആയിരുന്ന ഡോ, കെ രാഘവൻ ആയിരുന്നു സംഘത്തിൻ്റെ തലവൻ.
സാക്കിയ ജഫ്രി അടക്കമുള്ളവരുടെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് 2010-ൽ എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു. 2011-ൽ കലാപങ്ങളിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് സാക്കിയ ജഫ്രിയുടെ അപ്പീലിന്മേൽ സുപ്രീം കോടതി ഉത്തരവിട്ടു. ഈ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് ഉപസംഹരിക്കുന്ന റിപ്പോർട്ട് 2012-ൽ എസ്ഐടി സമർപ്പിച്ചു. നരേന്ദ്ര മോദിയുടെ “ഹിന്ദുക്കളുടെ രോഷം തടയരുതെ”ന്ന വിവാദ പ്രസ്താവന നടന്നെന്നാരോപിക്കപ്പെടുന്ന യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തില്ല എന്നായിരുന്നു ഈ റിപ്പോർട്ടിൽ എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആയിരുന്ന രാജു രാമചന്ദ്രൻ ഈ നിലപാടിനോട് വിയോജിച്ചു. ഭട്ടിൻ്റെ പ്രസ്താവനയുടെ സത്യാവസ്ഥ വിചാരണയിലാണ് തെളിയിക്കേണ്ടതെന്നും അതിനാൽ മോദി പ്രോസിക്യൂട്ട് ചെയ്യപ്പെടണമെന്നും അമിക്കസ് ക്യൂറി വാദിച്ചു.
എന്നാൽ എസ്ഐടിയുടെ ക്ലീൻ ചിറ്റ് വിചാരണക്കോടതി അംഗീകരിച്ചു. മോദിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. 2017-ൽ വിചാരണക്കോടതിയുടെ ഈ തീരുമാനം ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സാക്കിയ ജഫ്രി നൽകിയ അപ്പീലിന്മേൽ ഇക്കഴിഞ്ഞ ജൂൺ 24-ന് സുപ്രീം കോടതിയുടെ വിധി വന്നതോടെ നരേന്ദ്ര മോദിയടക്കം 64 പേർ ഗുജറാത്ത് കലാപക്കേസുകളിൽ നിയമപരമായി കുറ്റവിമുക്തരാകുകയാണ്.
ഗുജറാത്ത് കലാപം ഇന്ത്യയിലെ ഹിന്ദുത്വശക്തികൾക്ക് ഒരു പുതിയ ഉണർവായിരുന്നു. ഹിംസാത്മകമായ തങ്ങളുടെ പ്രത്യയശാസ്ത്രം ഉറക്കെ അഭിമാനത്തോടെ പറയാൻ അവർക്ക് ഒരവസരമായി ഇത് മാറി. മുസ്ലീങ്ങൾ ഇന്ത്യയുടെ ക്യാൻസർ ആണെന്നും ക്യാൻസറിനുള്ള ചികിൽസ അത് ശസ്ത്രക്രിയ ചെയ്ത് മാറ്റുക എന്നതാണെന്നും ശിവസേന തലവൻ ബാൽ ഠാക്കറെ പ്രഖ്യാപിച്ചു. ഹിന്ദുക്കളോട് ആയുധം കയ്യിലെടുത്ത് ഈ ക്യാൻസറിനെ വേരോടെ വെട്ടിമാറ്റാൻ ഠാക്കറേ ആഹ്വാനം ചെയ്തു. ഹിന്ദുത്വത്തെ എതിർക്കുന്നവർക്ക് മരണശിക്ഷ നൽകുമെന്ന് പ്രവീൺ തൊഗാഡിയ പ്രഖ്യാപിച്ചു. ഗുജറാത്ത് ഒരു വിജയകരമായ പരീക്ഷണമായിരുന്നു എന്ന് അന്നത്തെ വി എച്ച് പി ദേശീയ അധ്യക്ഷൻ അശോക് സിംഗാൾ നിരീക്ഷിച്ചു. വംശഹത്യയുടെ പ്രത്യശാസ്ത്രത്തിന് ഉണർവിനൊപ്പം പുതിയൊരു നായകനെയും ഗുജറാത്ത് സമ്മാനിച്ചു.
ഗുജറാത്ത് കലാപത്തെത്തുടർന്ന് 2002 ജൂലൈ പതിനെട്ടിന് നരേന്ദ്ര മോദി ഗുജറാത്ത് അസംബ്ലി പിരിച്ചുവിട്ടു. 2002 ഡിസംബറിൽ നടന്ന തെരെഞ്ഞെടുപ്പിൽ വൻപിച്ച ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തിലെത്തി. 2014-ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതുവരെയും ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി തുടർന്നു. ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ വക്താക്കൾ മോദിയെ വികസന നായകൻ എന്ന് വിളിക്കുമ്പോഴും അവരുടെ ഉള്ളിൽ അദ്ദേഹം മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിച്ച ഗുജറാത്ത് കലാപകാലത്ത് അവിടുത്തെ മുഖ്യമന്ത്രിയായിരുന്ന ആളാണ്.