പുഞ്ചിരി സൂപ്പറാക്കാം; സ്മൈൽ ഡിസൈനിങ്ങിലൂടെ
ഡോ. തീർഥ ഹേമന്ദ്, തീർഥാസ് ടൂത്ത് അഫയർ,ഏറ്റുമാനൂർ
മുഖവും മുടിയും മാത്രമല്ല പുഞ്ചിരിയും മനോഹരമാക്കാം ഇനി. പല്ലുകളെ മനോഹരമാക്കുന്നതിലൂടെ പുഞ്ചിരി സുന്ദരമാവുക മാത്രമല്ല ആത്മവിശ്വാസവും കൂടും. കവിളുകളും ചുണ്ടുകളും തൂങ്ങി നിൽക്കാതെ അവയുടെ ആകൃതി നിലനിർത്തി മുഖഭംഗി കാത്തുസൂക്ഷിക്കുന്നതിൽ പല്ലുകളുടെ പങ്ക് സുപ്രധാനമാണ്.
ഒരു പല്ലിന്റെയോ ഒന്നിലധികം പല്ലുകളുടെയോ അഭാവം വന്നാൽ, ചവയ്ക്കുന്നതിനും സംസാരിക്കുന്നതിനും എല്ലാം ബുദ്ധിമുട്ടുകളുണ്ടാവും. ഒരു പല്ല് നഷ്ടപ്പെടുമ്പോൾ വായിലെ അസ്ഥിയുടെ ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നതിനാൽ നഷ്ടപ്പെട്ട പല്ല് ഉണ്ടാക്കുന്ന വിടവിലേക്ക് മറ്റ് പല്ലുകൾ ചരിഞ്ഞുകിടക്കുന്നതിനോ മറ്റു പല്ലുകളുടെ സ്ഥാനം മാറുന്നതിനോ അവ ഇളകുന്നതിനോ കാരണമാകുന്നു.
ചവയ്ക്കുമ്പോൾ തുല്യമായി കടിക്കാനുള്ള കഴിവിനെയാണ് ഇത് ബാധിക്കുക. വായിൽ അണുബാധയുണ്ടാകുക, മറ്റ് പല്ലുകൾക്ക് കേടുണ്ടാകുക, വീണ്ടും പല്ലുകൾ നഷ്ടപ്പെടുക, താടിയെല്ലുമായി ബന്ധപ്പെട്ട സന്ധികളിൽ വേദനയും തെയ്മാനവും ഉണ്ടാകുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് തുടർച്ചയായി വരുന്നത്. അതു കൊണ്ട് തന്നെ നഷ്ടപ്പെട്ട പല്ലുകളുടെ സ്ഥാനത്ത് കൃത്രിമ പല്ലുകൾ വച്ചു പിടിപ്പിക്കുക എന്നത് നിസാരമായി തള്ളിക്കളയരുത്.
പല്ലിലെ കേടുകൾ, മോണരോഗങ്ങൾ, പരിക്കുകൾ, ജന്മനാ ഉള്ള പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ട് നമ്മുടെ പല്ലുകൾ നഷ്ടപ്പെടാം. അതുവഴി വായയുടെ കോണുകളിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുകയും മുഖത്തെ പേശികൾ ദുർബലപ്പെടുകയും ചുണ്ടുകൾ കനംകുറഞ്ഞതാകുകയും ചെയ്യും. അകാല വർദ്ധക്യത്തിന്റെ ലക്ഷണങ്ങളിലേക്കെത്താം. ഒരു പല്ല് നഷ്ടപ്പെടുകയാണെങ്കിൽ പോലും നേടാവുന്ന ചികിത്സകൾ ചർച്ച ചെയ്യാൻ ദന്തരോഗവിദഗ്ദ്ധരെ സമീപിക്കേണ്ടത് ഏറെ പ്രധാനമാണ്. അതുവഴി ഈ അകാല വാർദ്ധക്യത്തെ പടിക്ക് പുറത്ത് നിർത്താം.
നഷ്ടപ്പെട്ട പല്ലുകളെ പുനസ്ഥാപിക്കുന്നതിനായി സ്ഥിരമായി ഉറപ്പിച്ചു വെക്കുന്ന കൃത്രിമ പല്ലുകൾ, ഊരിയെടുത്ത് വെക്കാൻ പറ്റുന്ന പല്ലുസെറ്റുകൾ തുടങ്ങി രണ്ടു തരം ദന്ത ചികിത്സാ രീതികളാണ് പ്രധാനമായുള്ളത്.
കൃത്രിമ പല്ലുകൾ സ്ഥിരമായി ഉറപ്പിക്കാൻ നമ്മുടെ തന്നെ പല്ലുകൾ താങ്ങായി ഉപയോഗിച്ച് കൊണ്ട് ഉറപ്പിച്ചു വെക്കുന്ന രീതിയും (ക്രൗണ് + ബ്രിഡ്ജ് ചികിത്സാ രീതി) ഒരു ഡെന്റൽ ഇംപ്ലാന്റിന്റെ സഹായത്തോടെ ഉറപ്പിച്ചു വെക്കുന്ന രീതിയും ആണ് നിലവിലുള്ളത്. ക്രൗണ് + ബ്രിഡ്ജ് ചികിത്സാ രീതിയിൽ നഷ്ടപെട്ട പല്ലിന്റെ ഒഴിഞ്ഞ സ്ഥാനം ഒരു കൃത്രിമ പല്ലിനാൽ നികത്തുകയും അതിനെ ആ സ്ഥാനത്ത് നിലനിർത്താൻ വിടവിന്റെ രണ്ട് വശങ്ങളിലും ഉള്ള പല്ലുകളുടെ മുകളിലായി ഒരു ആവരണം (ക്രൗൺ) വച്ച് ഉറപ്പിക്കുകയും ചെയ്യുന്നു. വളരെ സാധാരണയായി ചെയ്തു വരുന്ന ചികിത്സയാണിത്. ഈ രീതിയുടെ പ്രധാന പോരായ്മ ക്യാപ് സ്വീകരിക്കുന്നതിനായി
പല്ല് നഷ്ടപ്പെട്ട വിടവിന്റെ ഇരു വശങ്ങളിലുമുള്ള ആരോഗ്യമുള്ള പല്ലുകളുടെ വലുപ്പം കുറയ്ക്കേണ്ടി വരുന്നു എന്നതാണ്. പല്ല് നഷ്ടപെട്ട സ്ഥലത്തെ അസ്ഥിയെ അത് യാതൊരു വിധത്തിലും ബലപ്പെടുത്തുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുന്നില്ല എന്നത് മറ്റൊരു പോരായ്മയാണ്.
നിങ്ങളുടെ പല്ലുകൾ ഈ പോരായ്മകളൊന്നും ഇല്ലാതെ പുനഃസ്ഥാപിക്കാൻ ഡെന്റൽ ഇംപ്ലാന്റുകളുടെ സഹായത്തോടെ കൃത്രിമ പല്ലുകൾ ഉറപ്പിച്ചു വെക്കുന്ന ചികിത്സാ രീതി നിലവിലുണ്ട്. നിങ്ങളുടെ സ്വാഭാവിക പല്ലുകളോട് ഏറ്റവും കൂടുതൽ സാദൃശ്യം തോന്നുന്ന കൃത്രിമ പല്ലുകൾ ഈ ചികിത്സ വഴി നിങ്ങൾക്ക് ലഭിക്കും.
താടിയെല്ലിൽ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന ടൈറ്റാനിയം സ്ക്രൂവാണ് ഡെന്റൽ ഇംപ്ലാന്റുകൾ. പല്ലില്ലാത്ത ഭാഗത്തെ അസ്ഥിയിൽ ടൈറ്റാനിയം സ്ക്രൂകൾ ഉറപ്പിക്കുകയും അതിന് മുകളിൽ ക്യാപ്പുകൾ, ബ്രിഡ്ജുകൾ, പല്ല് സെറ്റുകൾ പോലുള്ള കൃത്രിമ പല്ലുകൾ വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു.
ഇംപ്ലാന്റുകളുടെ സഹായത്തോടെ ഉറപ്പിക്കുന്ന ബ്രിഡ്ജുകൾ ഒരേ നിരയിൽ ഒന്നിലധികം പല്ലുകൾ നഷ്ടപെട്ട വിടവുകളെ പുനസ്ഥാപിക്കാനുള്ള അനുയോജ്യമായ മാർഗമാണ്.ഇവിടെ നഷ്ടമായ ഓരോ പല്ലും ഡെന്റൽ ഇംപ്ലാന്റുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കേണ്ടി വരുന്നില്ല.ഇംപ്ലാന്റ് മുഖേന ഉറപ്പിക്കുന്ന ബ്രിഡ്ജ് ചികിത്സയിൽ രണ്ടറ്റത്തുള്ള പല്ലുകൾ മാത്രം ഇംപ്ലാന്റുകൾ ഉപയോഗിച്ച് ഉറപ്പിച്ച് നടുവിലുള്ള പല്ലുകൾ ഇംപ്ലാന്റ് സ്ക്രൂകൾ അസ്ഥിയിൽ ഉറപ്പിക്കാതെ തന്നെ ആ ബ്രിഡ്ജിനോട് ചേർത്ത് ഉറപ്പിക്കാൻ കഴിയും.
പല്ലുകൾ നഷ്ടമായതിനു ശേഷം നിങ്ങൾ ഡോക്ടറെ സമീപിക്കുന്ന ആദ്യത്തെ ദിവസം നിങ്ങൾക്ക് ഇംപ്ലാന്റ് ആവശ്യമാണെങ്കിൽ നിങ്ങളുടെ പൊതുവായ ആരോഗ്യം, വായിലെ മോണയുടെയും എല്ലിന്റെയും ആരോഗ്യം, ഇംപ്ലാന്റ് സ്ക്രൂകൾ അസ്ഥിയുമായി സംയോജിക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം പരിശോധിക്കും. നൂതന എക്സറെ സംവിധാനങ്ങൾ ഉപയോഗിച്ച് എല്ലിന്റെ ഗുണനിലവാരം നിർണയിക്കാം. എല്ലാ പരിശോധനാ ഫലങ്ങളും അനുകൂലമാണെങ്കിൽ സമയം ഒട്ടും പാഴാക്കാതെ ഇംപ്ലാന്റുകൾ ഉപയോഗിച്ച് ചികിത്സ തുടങ്ങാം.
ആദ്യം പല്ല് നഷ്ടപെട്ട ഭാഗത്തെ അസ്ഥിയിൽ ചെറിയ രീതിയിലുള്ള ശസ്ത്രക്രിയയിലൂടെ പല്ലിന്റെ വേരിനോട് സാദൃശ്യമുള്ള ടൈറ്റാനിയം സ്ക്രൂ ഘടിപ്പിക്കുന്നു. ശരീരത്തെ സംബന്ധിച്ച് അത് ഒരു അന്യവസ്തു ആയതു കൊണ്ട് നമ്മുടെ എല്ലുമായി ആ സ്ക്രു കൂടിച്ചേരാനായി 6 മുതൽ 8 ആഴ്ച വരെ നൽകണം. ഇംപ്ലാന്റിനെ നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗമാക്കി മാറ്റാൻ വേണ്ടി നൽകുന്ന സമയമാണിത്. പല്ല് നഷ്ടപ്പെടുമ്പോൾ ചുരുങ്ങിപ്പോകുന്ന എല്ലിനെ വീണ്ടും ഉത്തേചിപ്പിച്ച്, ബലപ്പെടുത്തി, അതിന്റെ സ്വഭാവികത തിരികെ കൊണ്ട് വന്ന് അസ്ഥികളുടെയും മുഖത്തിന്റെയും ആകൃതി ഭംഗിയോടെ നിലനിർത്താൻ ഇംപ്ലാന്റുകൾ സഹായിക്കുന്നു. ഇംപ്ലാന്റുകൾ എല്ലിൽ ഉറച്ചതിനു ശേഷം അതിനു മുകളിലായി നിങ്ങളുടെ മറ്റു പല്ലുകളുമായി നിറത്തിലും ഘടനയിലും സാദൃശ്യമുള്ള യഥാർത്ഥ പല്ല് പോലെ തന്നെ തോന്നിക്കുന്ന ഒരു കൃത്രിമ പല്ല് ക്യാപ്പിന്റെ രൂപത്തിൽ ഉറപ്പിക്കുന്നു.
ഇൻട്ര ഓറൽ സ്കാനർ ഉപയോഗിച്ച് അനുയോജ്യമായ അളവിലുള്ള ക്യാപ്പുകൾ നിർമിക്കാൻ ഡിജിറ്റലായി വായയുടെ അളവുകൾ എടുക്കാൻ സാധിക്കും. ആ ഡിജിറ്റൽ സ്കാനിങ് ഫോട്ടോകൾ കംപ്യൂട്ടർ സ്ക്രീനിൽ ത്രിമാന ചിത്രങ്ങളായി അപ്പോൾ തന്നെ കാണാനും സാധിക്കും. ഇത്തരം പുതിയ സാങ്കേതിക വിദ്യകൾ ഇംപ്ലാന്റ് ചികിത്സ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നു.
നഷ്ടപ്പെട്ട പല്ലുകൾക്ക് പകരം സ്വാഭാവിക പല്ലുകളോട് ഏറ്റവും സാദൃശ്യമുള്ള ഡെന്റൽ ഇംപ്ലാന്റ് ചികിത്സ ലഭിക്കുമ്പോൾ ആത്മവിശ്വാസത്തോടെ സംസാരിക്കാനും ചിരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുക വഴി ജീവിതനിലവാരവും ആരോഗ്യവും വർധിക്കും.
മനം നിറഞ്ഞ ഒരു ചിരി ഒരു മുഖത്തിന്റെ ആകർഷണീയമായ സവിശേഷതയാണ്. മുഖത്ത് നമ്മളാഗ്രഹിക്കുന്ന ഒരു ചിരി ഉണ്ടെങ്കിൽ സാമൂഹികമായും വ്യക്തിപരമായും തൊഴിൽപരമായും ഉള്ള ഇടപെടലുകളിൽ ആത്മവിശ്വാസം വർധിക്കും. ഒരു സൗന്ദര്യാത്മക ദന്തചികിത്സയുടെ അടിസ്ഥാന ലക്ഷ്യം തന്നെ പ്രതീക്ഷക്കൊത്തുയർന്ന ഒരു ചിരി സമ്മാനിക്കുക എന്നതാണ്. സ്മൈൽ ഡിസൈനിങ്ങിലൂടെ ആ പുഞ്ചിരി കൈവരിക്കുന്നത് പൂർണമായും സാധ്യമാണ്. വെറും ചിരിയല്ല ആത്മവിശ്വാസത്തോടെയുള്ള ഒരു ചിരി.
പല്ലും ചുണ്ടും മോണയും അതിന്റെ കൃത്യമായ അനുപാതത്തിൽ ചേർന്ന് നിൽക്കുമ്പോളാണ് ഒരു ചിരി ഭംഗിയുള്ളതാവുന്നത്. ചിരിക്കുമ്പോൾ മോണ കൂടുതലായി കാണുന്നത്, പല്ല് കൂടുതലായി കാണുന്നത്, ഒട്ടും പല്ല് കാണാതിരിക്കുന്നത് ഇതെല്ലാം നമ്മുടെ ചിരിയുടെ ഭംഗി കുറയ്ക്കാം.
കാലക്രമേണ പല്ലുകൾ ക്ഷയിക്കുകയോ തേയ്മാനം സംഭവിക്കുകയോ നിറം മാറുകയോ ചെയ്തേക്കാം. എന്നാൽ ഒരു സ്മൈൽ ഡിസൈനിങിലൂടെ ഈ ന്യൂനതകളെല്ലാം നമുക്ക് അനായാസം മറികടക്കാം.
ദന്ത പ്രശ്നങ്ങളെക്കുറിച്ചും പുഞ്ചിരിയെക്കുറിച്ചുമുള്ള ചർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ സൈമൈൽ ഡിസൈനിങ്ങിലേക്കുള്ള യാത്ര തുടങ്ങാം. ഓരോരുത്തർക്കും ഓരോ ഡിമാന്റാണ് അതിനനുസരിച്ചുള്ള കാര്യങ്ങൾ ഈ സ്റ്റേജിൽ മനസ്സിലാക്കിയാണ് രൂപ കൽപന തുടങ്ങുന്നത്.
താഴെപ്പറയുന്നവ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്മൈൽ ഡിസൈനിങ് പ്രക്രിയയുടെ ഭാഗമാകാം.
- പല്ലിന്റെ നിറവ്യത്യാസം
- ക്ഷയിച്ച അല്ലെങ്കിൽ പൊട്ടിയ പല്ലുകൾ
- രൂപവ്യത്യാസമുള്ള പല്ലുകൾ
- ക്രമരഹിതമായ പല്ലുകൾ
- ചിരിക്കുമ്പോൾ മോണ കൂടുതൽ കാണുന്നത്,പല്ലുകൾ കൂടുതൽ കാണുന്നത്, പല്ലുകൾ ഒട്ടും കാണാത്തത്
- നഷ്ടപ്പെട്ട അല്ലെങ്കിൽ വിടവുള്ള പല്ലുകൾ
- പഴയ ഫില്ലിംഗുകളും പല്ലിന്റെ ക്യാപ്പുകളും പുനഃസ്ഥാപിക്കണമെങ്കിൽ
- ചുണ്ടുകൾക്കും കവിളുകൾക്കും രൂപമാറ്റം വരുത്തണമെങ്കിൽ
- പുഞ്ചിരി ഒന്നുകൂടി മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ
വെനീറുകൾ, ദന്ത ഇംപ്ലാന്റുകൾ, നിരതെറ്റിയ പല്ലുകളുടെ ക്രമീകരണ ചികിത്സകൾ, പല്ലുകൾ വെളുപ്പിക്കുന്ന ചികിത്സകൾ അഥവാ ടൂത്ത് ബ്ലീച്ചിങ്, വിവിധതരം ക്രൗണുകൾ, സ്ഥിരമായി ഉറപ്പിക്കുന്നതും നിങ്ങൾക്ക് തന്നെ എടുത്തു മാറ്റുകയും തിരിച്ച് വെക്കാൻ പറ്റുന്നതുമായ കൃത്രിമ പല്ല് സെറ്റുകൾ, വിവിധതരം മോണ ചികിത്സകൾ, പല്ലുകളുടെ ആകൃതിയും വലുപ്പവും ക്രമീകരിക്കൽ, മുഖത്തിന്റെയും ചുണ്ടുകളുടെയും രൂപത്തിൽ മാറ്റം വരുത്താനുള്ള ശസ്ത്രക്രിയകൾ തുടങ്ങി എല്ലാ ദന്ത വിഭാഗങ്ങളുടെയും ഒരു സംയോജനമാണ് സ്മൈൽ ഡിസൈനിങ്.
ഓരോരുത്തരുടെയും ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സങ്കൽപ്പങ്ങളെയും പരിഗണിച്ചു കൊണ്ടാണ് ചികിത്സ നിർദേശിക്കുക. അതായത് ഒരാൾക്കുള്ള ചികിത്സാ രീതിയല്ല മറ്റൊരാൾക്കുണ്ടാവുക എന്ന് സാരം.
ദന്ത ചികിത്സാരംഗത്തെ നൂതന സാങ്കേതിക വിദ്യകളും കോസ്മെറ്റിക് ദന്ത ചികിത്സയിലുള്ള പരിശീലനങ്ങളും നമ്മുടെ സമയത്തെയും ചെലവുകളെയും പരിഗണിച്ച് ആത്മവിശ്വാസമുള്ള ഒരു ചിരി സമ്മാനിക്കാൻ സഹായിക്കും
ചികിത്സയുടെ അന്തിമഫലത്തെ കുറിച്ചുള്ള സംശയങ്ങളും ആകുലതകളും തീർച്ചയായും ഉണ്ടാകും. ഡിജിറ്റൽ സ്മൈൽ ഡിസൈനിങ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ അതിനും പരിഹാരമുണ്ടാക്കാം. ഡിജിറ്റലായി ഒരു പുഞ്ചിരി രൂപകല്പന ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള സംവിധാനമാണത്. ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് തന്നെ പുതിയ പുഞ്ചിരിയുടെ ഒരു മാതൃകരൂപം ദൃശ്യങ്ങളായി കാണാൻ കഴിയുന്നു എന്നതാണ് ഇതിന്റെ സാധ്യത.
Content Highlights: Smile Designing by Dr. Theertha’s Tooth Affair