സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ അടുത്ത നാല് ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തിയും മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. 52 ദിവസത്തെ ട്രോളിംഗ് നിരോധനം അര്‍ധരാത്രി അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
Content Highlights – Rain warning in the state, Educational institutions in seven districts will have Leave tomorrow