പച്ചപ്പിന്റെ കവിതകള്‍
മുരളീധരന് പുന്നേക്കാട്
ഓരോ കലാസൃഷ്ടിയും കാലാതീതമായി നില്ക്കാന് കാരണം അതുവരെ ഉണ്ടായിരുന്നതിനെ പൊളിച്ചെഴുതുമ്പോഴാണ്. ഏതാണ്ട് 1990ന് ശേഷം കവിതയില്‍ വന്ന മാറ്റം മറ്റ് മലയാള സാഹിത്യശാഖകളിലൊന്നും സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ആംഗലേയ കവിതകളുടെ വിവര്‍ത്തന വായന മലയാള കവികളേയും കവിതകളേയും ലോകകവിതയുടെ തലത്തിലേക്ക് മാറ്റിയിരിക്കുന്നു. മാനകഭാഷയും പ്രദേശിക ഭാഷയുമൊക്കെ കവിതയില്‍ വന്നതോടെ ആര്‍ക്കും കവിത കണ്ടെത്താമെന്നും ഏത് വിഷയത്തേയും രചനക്ക് തെരഞ്ഞെടുക്കാമെന്നതും മലയാളകവിതയുടെ നല്ലകാലമെന്ന് പറയാം. ഏതൊക്കെയോ കെട്ടുപാടുകളില്‍ കുടുങ്ങിക്കിടന്ന കവിത സ്വതന്ത്രമാവുകയും ജീവിതത്തിന്റേയും പ്രകൃതിയുടേയും നിര്‍ജ്ജീവ വസ്തുക്കളുടേയും അടരുകളെ കവിതയിലേക്ക് ആവാഹിക്കാന്‍ പുതിയ തലമുറയിലെ എഴുത്തുകാര്‍ക്ക് കഴിഞ്ഞു എന്നതും ആശാവഹമാണ്. ചട്ടക്കൂടുകളെയെല്ലാം തകര്‍ത്ത് വെളിച്ചത്തിന്റെ സൂഷ്മതയില്‍ കവിത തെളിഞ്ഞ് നില്ക്കുന്നു.
നിങ്ങള്‍ പറയുന്ന എവിടേയ്ക്ക് വേണമെങ്കിലും ഞാന്‍ മാറിനില്‍ക്കാം. പക്ഷേ പോകുമ്പോള്‍ ഞാനെന്റെ ജന്മനാടിനേയും കൊണ്ടുപോകുമെന്ന് ഒരു കവിക്ക് പറയാന്‍ കഴിയുന്നത് കവിതയുടെ പുതുമാനങ്ങളുടെ ശക്തിയാണ്.
‘ഞാന്‍ പാക്കിസ്ഥാനിലേക്ക് പോകാം
പക്ഷേ,
നേര്യമംഗലവും കൊണ്ടു –
പോകുവെന്ന് മാത്രം.
(അക്ബര്‍ )
ഞാന്‍ ഇത്രയും പറയാന്‍ കാരണം അക്ബര്‍ നേര്യമംഗലത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല എന്നസമാഹാരത്തിലെ ഏതാനും ചില കവിതകളിലേക്ക് വായനക്കാരെ ക്ഷണിക്കാനാനുള്ള എന്റെ എളിയ ശ്രമത്തിന്റെ ഭാഗമാണ്. അക്ബറും ഇതുപോലെ കവിതയില്‍ മറ്റാരും കൊണ്ടുവരാത്ത പല ബിംബങ്ങളും കൊണ്ടുവരികയും ആരും കാണാത്ത ചില സൂഷ്മതകളിലേക്ക് വായനക്കാരനെ കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ എല്ലാ കവിതകളിലും പ്രകൃതിയൊരു പശ്ചാത്തലമായ് ശ്രുതി ചേര്‍ന്നു നില്‍ക്കുന്നുണ്ട്. അതുപോലെ കവിതകളിലെല്ലാം കാണുന്ന നിറം പച്ചപ്പാണ്. വാക്കുകളെല്ലാം കുളിരാണ്. താളം മഴത്തുളളിയാണ്.
അകലെയുളള പുഴകളെ
അരികത്തുവന്നൊഴുകാമോ?
ആഴങ്ങളില്‍ മുങ്ങി നീന്തി
ആരും തൊടാത്ത കല്ലെടുക്കണം
കവിയുടെ പല കവിതകളും ആരും തൊടാത്ത കല്ലാണ്. വീണ്ടും കവി തുടരുന്നു.
അപ്പോളെങ്ങാനും
എന്നെക്കാണാതെ പോയാല്‍
പുഴയെക്കുറിച്ചുള്ള കവിതയില്‍
ആഴങ്ങളില്‍ ഒളിച്ചിരിപ്പുണ്ട് ഞാന്‍
എത്ര സുന്ദരമായ സങ്കല്പമാണ് കവി ഇവിടെ കുറിച്ചിരിക്കുന്നത്.
മറ്റൊരു കവിതയില്‍ പറയുന്നു.
ഇലഞരമ്പിലൂടൊരു വഴിയുണ്ട്
അതിലേപോയാല് ജീവന്റെയറ്റത്തെത്താം
പ്രകൃതിയെ എത്രമാത്രം സ്നേഹിക്കുന്ന കവിയാണ് ഇദ്ദേഹമെന്നതിന്റെ തെളിവാണ് ഈ കവിതയുടെ അവസാന ഭാഗം.
അതെ
ഇലഞരമ്പുകളെ
വഴിയാക്കി നടക്കാം
ഉള്ളില്‍ പച്ചപ്പ് നിറയ്ക്കാം
കാലം കൊതിക്കുന്നുണ്ടത്.
വെട്ടിനിരത്തലും ഇടിച്ചു നിരത്തലും അവസാനിപ്പിക്കണം. മണ്ണില്‍ പച്ചപ്പ് നിറച്ചില്ലെങ്കില്‍ കാലത്തോട് നിങ്ങള്‍ കണക്കുപറയേണ്ടിവരുമെന്ന് വളരെ ശക്തമായി നമ്മളെ ബോദ്ധ്യപ്പെടുത്തുകയാണ് കവി. അക്ബറിന്റെ കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല എന്ന സമാഹാരത്തിലെ ആദ്യത്തെ കവിതയാണ് സ്നേഹേകാന്തത ഇതൊരു ഭ്രമാത്മക കവിതയായി വേണമെങ്കില്‍ കണക്കാക്കാം അമേരിക്കന്‍ മിസ്റ്റിക് കവി റസ്സല്‍ എഡ്സന്റെ പല കവിതകളും കവിയെ വല്ലാതെ ഭ്രമിപ്പിച്ചിട്ടുണ്ടന്ന് ഈ കവിത വായിക്കുമ്പോള്‍ നമുക്ക് തോന്നും.
തോട്ടുവെള്ളം കൈയില്‍ തിരുമ്മി
തലവിടര്‍ത്തി മുടി യീരിയൊതുക്കി
മഞ്ഞുകാറ്റിന്റെ സുഗന്ധം കക്ഷത്തിലും
ചെവിക്കു താഴെയും പൂശി,
മുറ്റത്തെ ചെടികളാകെ
ഇലകള്‍ തലയ്ക്കു വെച്ചുറങ്ങുന്നു,
ഒരനക്കവുമില്ലാതെ മുന്നിലെ പറമ്പുകള്‍.
മഞ്ഞുകാലത്തെ ഒരു പ്രഭാതത്തെ ഇതില്‍പ്പരം മനോഹരമാക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക. ആരെയോ ഒരാളെ കാണാന്‍ പോകുന്ന കവി പറയുന്നു.
നിനക്ക് തരുവാനായി
അതുവരെയുണ്ടാകാത്ത
ആരും വായിക്കാത്ത കവിതകള്‍
കീശയില്‍ കരുതിയിട്ടുണ്ട്.
കവിതകളുടെ സ്നേഹത്താല്‍
കീശയില്‍ വെളിച്ചം നിറഞ്ഞ്
(മുമ്പ്) ഭരണിയിലാക്കിയ ഒച്ചകളാകെ
മൂളിപ്പാട്ട് പാടാന്‍ തുടങ്ങി
മരങ്ങളും ചെടികളും
അതേറ്റുപാടി
ഉച്ചത്തിലൊന്നുമല്ല
തീരെ പതുക്കെ
കാടിന്റെയോരത്തെ
പുഴയേക്കാള്‍ പതുക്കെ…
ഇളം കാറ്റിന്റെ സ്പര്‍ശം പോലെ കുളിരാര്‍ന്ന സങ്കല്പം. തുടര്‍ന്ന് വായിക്കുമ്പോള്‍ കവി നമ്മളെ ഭ്രമാത്മകതയുടെ ഉത്തുംഗശ്യംഗങ്ങളിലേക്ക് ചിറക് മുളപ്പിപ്പിക്കുന്നു. ഈ സമാഹാരത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതയും ഇതാണ്. ഇനിയുമീ സമാഹാരത്തില്‍ ധാരാളം നല്ല കവിതകളുണ്ട് അതിലേക്കൊന്നും വായനയെ കൊണ്ടുപോകുന്നില്ല. എല്ലാവരും പുസ്തകം പണം കൊടുത്ത് വാങ്ങി വായിക്കണം. അക്ബര്‍ അടയാളപ്പെട്ട കവിയാണെങ്കിലും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ഇനിയും പിറക്കാനുണ്ട് ഒത്തിരി നല്ല സൃഷ്ടികള്‍ അതിനുളള ഒരു പ്രോത്സാഹനം മാത്രമാണ് ഈ എളിയ വായനയും കുറിപ്പും. ലോഗോസാണ് പുസ്തകം പ്രസിദ്ധീകരിയിരിക്കുന്നത്. വില 120 രൂപയാണ്.