ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ബ്ലാസ്റ്റേഴ്സ്
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് വനിതാ ഫുട്ബോള്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി അവസാനിപ്പിച്ചു.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പിഴ ലഭിച്ചതിനാല്‍ വലിയൊരു തുക ടീം അടയ്ക്കേണ്ടിവരും. ഇതോടെയാണ് വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്.ഇതുമായി ബന്ധപ്പെട്ട് വിശദമായ കുറിപ്പ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പേജിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവിട്ടു. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സ് വനിതാ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇത്തവണ വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനിരിക്കെയാണ് ബ്ലാസ്റ്റേഴ്സിന് പിഴ ലഭിച്ചത്.ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സിയ്ക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. ഇതേത്തുടര്‍ന്ന് ടീമിനെതിരേ എ.ഐ.ഐ.എഫ് തിരിയുകയും പിഴ ഈടാക്കുകയും ചെയ്തു. ഇതോടെയാണ് ടീം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. താത്കാലികമായാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്നും ശക്തമായി തിരിച്ചുവരുമെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.