വനിതാ ലോകകപ്പ്; ക്വാര്‍ട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങുന്നു
വനിതാ ലോകകപ്പിൽ ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടങ്ങൾ. മുൻ ചാമ്പ്യൻമാരായ ജപ്പാൻ ഇന്ന് സ്വീഡനുമായി ഏറ്റുമുട്ടും.
അവസാന എട്ടില്‍ ഇരുടീമുകളും മുഖാമുഖമെത്തുമ്പോൾ ആക്രമണവും പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും കാണാനാകുക. ഏഷ്യൻ കരുത്തരായ ജപ്പാന്റെ ആക്രമണക്കളിക്ക് പ്രതിരോധംകൊണ്ട് മറുപടി പറയാനാണ് സ്വീഡന്റെ ഒരുക്കം. ജപ്പാൻ ഗ്രൂപ്പുഘട്ടത്തില്‍ മൂന്ന് കളിയില്‍ 11 ഗോളാണ് നേടിയത്, ഒരെണ്ണംപോലും വഴങ്ങിയില്ല. പ്രീ ക്വാര്‍ട്ടറില്‍ നോര്‍വെയെ 3–-1ന് മറികടന്നു. ചാമ്പ്യൻമാരായ അമേരിക്കയെ ഷൂട്ടൗട്ടില്‍ തീര്‍ത്താണ് സ്വീഡൻ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ഗ്രൂപ്പുഘട്ടത്തില്‍ മൂന്ന് കളിയും അവർ ജയിച്ചിരുന്നു. അഞ്ച് ഗോളുമായി ഒന്നാമതുള്ള ഹിനാറ്റ മിയാസാവയാണ് ജപ്പാന്റെ കുതിപ്പിന് ചുക്കാൻപിടിക്കുന്നത്.
നെതര്‍ലൻഡ്സ് – സ്പെയിൻ
വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ന് യൂറോപ്യൻ പോരാട്ടവും നടക്കും. നിലവിലെ റണ്ണറപ്പായ നെതര്‍ലൻഡ്സും ആദ്യമായി ക്വാര്‍ട്ടറില്‍ കടന്ന സ്പെയിനും തമ്മിലാണ് കളി. ഡച്ചുകാര്‍ ആധികാരികമായിട്ടാണ് ക്വാര്‍ട്ടറിലെത്തിയത്. അമേരിക്ക ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് ഒന്നാംസ്ഥാനക്കാരായി നോക്കൗട്ടിലേക്ക് മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് ഗോളിന് മറികടന്നു.
സ്പെയ്ൻ ഗ്രൂപ്പുഘട്ടത്തില്‍ ജപ്പാനോട് തോറ്റെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലൻഡിനെ 5–-1ന് തകര്‍ത്താണ് അവസാന എട്ടിലേക്ക് മുന്നേറിയത്. മധ്യനിരയിലാണ് ഇരുടീമുകളുടെയും കരുത്ത്. അയ്താനെ ബൊൻമാട്ടിയാണ് സ്പെയ്നിന്റെ ശക്തി. പ്രീ ക്വാര്‍ട്ടറില്‍ ഇരട്ടഗോള്‍ തൊടുത്ത ഇരുപത്തഞ്ചുകാരി ഡച്ചിനെതിരെയും തിളങ്ങുമെന്നാണ് സ്പെയ്നിന്റെ പ്രതീക്ഷ. ഈ ലോകകപ്പില്‍ മൂന്ന് ഗോള്‍ ആകെ നേടി. രണ്ടെണ്ണത്തിന് അവസരവുമൊരുക്കി.
ജില് റൂര്ദാണ് ഡച്ചിന്റെ കുന്തമുന. നാല് ഗോളാണ് ലോകകപ്പില്‍ ഇതുവരെ അവർ അടിച്ചത്. കഴിഞ്ഞ തവണ ഫൈനലില്‍ അമേരിക്കയോടാണ് ഡച്ചുകാര്‍ തോറ്റത്.