ജയിലറിലൂടെ തിരിച്ചു വന്ന രജനീ തരംഗം!
1993ൽ ഉഴൈപ്പാളി എന്ന രജനീകാന്ത് സിനിമ ഇറങ്ങിപ്പോൾ മധുരയിൽ അത് സംഭവിച്ചു. സ്വന്തമായി പ്രൈവറ്റ് ഡിറ്റക്റ്റീവുകളെവെച്ച് അന്വേഷിപ്പിപ്പാണ് രജനി ഇത് സ്ഥിരീകരിച്ചത്. മരിച്ച ആരാധകന്റെ വീട്ടിലെത്തി വികാരപരമായി സംസാരിച്ച സൂപ്പർതാരം, കുടുംബത്തിന് എല്ലാ സഹായവും നൽകി. ഇനി ഇതുപോലെ കടുംകൈ ആരും ചെയ്യരുതെന്ന് സിനിമയെ ജീവിതമായി കാണരുതെന്നും, അദ്ദേഹം പറഞ്ഞത് മറക്കാനാവില്ല. മൂന്നരപ്പതിറ്റാണ്ടിന്റെ അഭിനനയ ജീവിത്തിൽ ആദ്യമായി, ബാബ എന്ന ഒരു ചിത്രം പരാജയപ്പെട്ടപ്പോൾ, വിതരണക്കാരെ മൊത്തം തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അവരുടെ മുടക്കമുതലിനേക്കാൾ ഒരു രുപ കൂടുതൽ കൊടുത്ത് പറഞ്ഞുവിടാൻ വേറെ ഏത് നടന് കഴിയും.ഇന്ത്യയുടെ അല്ല, ലോക സിനിമയുടെ ചരിത്രം തന്നെയെടുത്താൽ ഇത്രമേൽ ആരാധകരുള്ള ഒരു നടൻ വേറെയുണ്ടാവില്ല. ഇന്ത്യൻ വ്യവസായ സിനിമയുടെ നട്ടെല്ല് കൂടിയാണ് ഈ സൂപ്പർ സ്റ്റാർ.
കർണ്ണാടകത്തിലെ ബസ് കണ്ടക്ടറായ ശിവാജി റാവു ഗേയ്ക്ക്വാദ, തമിഴ് സിനിമയുടെ പ്രിയപ്പെട്ട രജനീകാന്ത് ആയത് ഏറെ കഷ്ടപ്പെട്ടിട്ടാണ്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി തന്റെ സൂപ്പർ താര പദവി നിലനിർത്തിപ്പോവുകയായിരുന്ന സൂപ്പർസ്റ്റാറിന് പക്ഷേ സമീപകാലത്തായി ചില തിരിച്ചടികളും നേരിടേണ്ടി വന്നു. 2016ലെ കബാലിക്ക് ശേഷം ഇറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒന്നും പഴയതുപോലെ ഹിറ്റായിരുന്നില്ല. അവസാനം 2021ൽ ഇറങ്ങിയ അണ്ണാത്തെ എന്ന സിനിമയൊക്കെ വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ എന്ന വിമർശനവും നേരിട്ടു. അതുകൊണ്ടുതന്നെ ഒരു വിഭാഗം മാധ്യമങ്ങൾ രജനി എന്ന താരത്തിന് ചരമക്കുറിപ്പും എഴുതി നൽകി. പ്രായാധിക്യവും അനാരോഗ്യവുംമൂലം രജനി ഫാൻസിനുപോലം അദ്ദേഹത്തിലുള്ള പ്രതീക്ഷ ഏറെക്കുറെ നഷ്ടമായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പോലും അദ്ദേഹം ഉപേക്ഷിച്ചത് അനാരോഗ്യം മൂലമായിരുന്നു. അതുകൊണ്ടുതന്നെ ഈ 73ാം വയസ്സിൽ ജയിലർ എന്ന പുതിയ സിനിമയുമായി രജനി എത്തുമ്പോൾ ആശങ്കപ്പെട്ടവരും ഏറെയാണ്.പക്ഷേ രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മരണ മാസ് ചിത്രമെന്നാണ് ആദ്യ റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്.
‘തലൈവർ തിരുമ്പിവന്താച്ച്’ എന്നാണ് യൂടുബർമാർ ഒരു പോലെ പറയുന്നത്. വീണ്ടും ഒരു രജനി തരംഗം പൊട്ടിവിടുരുകയാണെന്ന് നിസ്സംശം പറയാം. ഇന്ത്യ വീണ്ടും പഴയ രജനി സ്റെറൽ ആഘോഷിക്കുകയാണ്. പക്ഷേ അങ്ങേയറ്റം അതിശയകരമാണ് ആ നടന്റെ ജീവിതവും. പത്തുപൈസക്ക് ഗതിയില്ലാത്ത ഊരുതെണ്ടിയിൽനന്ന്, ഈ താരസാമ്രാജ്യത്തിലേക്ക് ഉയർന്ന ആ ജീവിതകഥയാവട്ടെ സിനിമയെ വെല്ലുന്നതുമാണ്.ആരും അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാൽ ആരെക്കൊണ്ടും അനുകരിക്കാൻ കഴിയാത്ത സ്റ്റൈൽ കണ്ടു തന്നെയാണ് ഈ മനുഷ്യനെ ആരാധകർ സ്റ്റൈൽ മന്നൻ എന്നു വിളിച്ചത്. കൂലിക്കാരൻ, കർഷകൻ, ഓട്ടോറിക്ഷ ഡ്രൈവർ, ഹോട്ടൽ വെയ്റ്റർ തുടങ്ങിയ വേഷങ്ങളിലൂടെയാണ് രജനികാന്ത് ജനലക്ഷങ്ങളുടെ തലൈവനായത്. സിഗരറ്റ് കറക്കി ചുണ്ടിൽ വച്ച് വലിക്കുന്നതു മുതൽ ചുറുചുറുക്കോടെയുള്ള സ്റ്റൈലൻ നടത്തം വരെ… ‘നാൻ ഒരു തടവൈ സൊന്നാൽ നൂറ് തടവൈ സൊന്ന മാതിരി, ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ’ തുടങ്ങിയ മാസ് ഡയലോഗുകൾ വരെ… രജനികാന്ത് എന്ന ബ്രാൻഡ് ജനിച്ചത് അങ്ങനെയൊക്കെയായിരുന്നു. ആക്ഷനുകളും സംഭാഷണങ്ങളും.. എല്ലായിടത്തുമുണ്ട് ആ രജനി ടച്ച്.
പണ്ടൊക്കെ തമിഴ്നാട്ടിൽ ഒരു രജനി പടം വരിക എന്ന് പറഞ്ഞാൽ സ്കൂളുകൾക്കും കോളജുകൾക്കും അവധിയായിരുന്നു. അവധി ആരും ഔദ്യോഗികമായി കൊടുക്കേണ്ട കാര്യമില്ല. കുട്ടികൾ ക്ലാസിൽ വന്നാൽ അല്ലേ അധ്യയനം നടക്കൂ! ഇപ്പോൾ ജയിലറിലൂടെ വീണ്ടും അതേ അവസ്ഥ വന്നിരിക്കയാണ്. രണ്ട് വർഷത്തിനു ശേഷമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലെത്തിയത്.വേൾഡ് വൈഡായി 4000 സ്ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദർശിച്ചത്. തമിഴ്നാട്ടിൽ ചിത്രം ഗംഭീര ഓപ്പണിങ്ങാണ് രേഖപ്പെടുത്തിയത്. കൂടാതെ ലോകമെമ്പാടുമുള്ള ഓപ്പണിങ് 50 – 60 കോടി രൂപയിൽ വരുമെന്നും ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്. 225 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇതിൽ 110 കോടി രൂപ രജനിയുടെ മാത്രം പ്രതിഫലമാണ്. അതിന് കാര്യവുമുണ്ട്. രജനിയുടെ ഒറ്റപേരിലാണ് ചൈനയിലും, മേലേഷ്യയിലും അടക്കം ചിത്രം ആഗോള വ്യാപകമായി പ്രദർശിപ്പിക്കുന്നത്. അതായത് രജനീകാന്ത് എന്ന താരത്തെ വീണ്ടും ലോകംമുഴവൻ ആരാധിക്കുന്നു