ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നത് എന്തിന് ? പകരം ഭാരത് എന്തുകൊണ്ട് ?
അതെ ഇന്ത്യ എന്നല്ല ഇനി എങ്ങും മുഴങ്ങാൻ പോവുന്നത് ഭാരതം എന്നാണത്രേ അങ്ങനെയാണ് പുറത്തു വരുന്ന വിവരങ്ങളെല്ലാം സൂചിപ്പിക്കുന്നത്. എന്താണ് സത്യത്തിൽ മോദി സർക്കാർ ഇതു വഴി ലക്ഷ്യമിടുന്നത് ? ബിജെപി സർക്കാരിനെതിരെ രൂപം കൊണ്ട രാഹുൽ ഗാന്ധി നയിക്കുന്ന ബിജെപി ഇതര സഖ്യ ശക്തികളുടെ കൂട്ടായ്മയ്ക്ക് പ്രതിപക്ഷം ഇന്ത്യ എന്ന പേര് നൽകിയത് ബിജെപി സർക്കാരിനെ എത്രത്തോളം അസ്വസ്ഥമാക്കി എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്. അന്ന് ഇന്ത്യ സഖ്യത്തെ തീവ്രവാദ സംഘടനകളോടുപമിച്ച പ്രധാനമന്ത്രി ആ പേരിനെ ചൊല്ലി എന്തൊക്കെ പരിഹാസമായിരുന്നു നടത്തിയത്. ഇപ്പോൾ പോലും ഇത്തരമോരു നീക്കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രിയ അജണ്ടയുണ്ട് എന്നല്ലേ വ്യക്തമാകുന്നത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ മോദി സർക്കാർ ഭയന്നു തുടങ്ങിയിരിക്കുന്ന എന്നു വേണം വിലയിരുത്താൻ. ഇന്ത്യയുടെ പേര് മാറ്റണമെന്നത് ബിജെപിയുടെ ദീർഘകാലത്തെ ആവശ്യമാണ്. 1949 ൽ ഭര്ണഘടനാ അസ്സംബ്ലി ആലോചിച്ചത് പ്രകാരം ഇന്ത്യയുടെ പേര് ഭാരത് എന്നോ ഭാരത്വർഷ് എന്നോ മാറ്റണമെന്ന് 2022 ഡിസംബറിൽ ബിജെപി എംപി മിതേഷ് പട്ടേൽ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നൽകിയ ഇന്ത്യ എന്ന പേര് ഇന്ത്യ നേരിടേണ്ടി വന്ന അടിമത്വത്തെ സൂചിപ്പിക്കുന്നു എന്നായിരുന്നു പട്ടേലിന്റെ വാദം.
ഇപ്പോഴിതാ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഷ്ട്രപതിയുടെ പേരിലുള്ള ജി20 ഉച്ചകോടി ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് വിശേഷണം വന്നിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചുകൊണ്ടുള്ള രാഷ്ട്രപതി ഭവന്റെ കത്തിലാണ് ‘ദ പ്രസിഡന്റ് ഓഫ് ഇന്ത്യ’എന്നതിനുപകരം ‘ദ പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് പറയുന്നത്.കത്ത് പുറത്തുവന്നതിനുപിന്നാലെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം തന്നെ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. “വാർത്ത തീർത്തും ശരിയാണ്. സെപ്തംബർ 9ന് നടക്കുന്ന ജി20 അത്താഴവിരുന്നിന്, ‘ഇന്ത്യൻ പ്രസിഡന്റ്’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരിലാണ് രാഷ്ട്രപതി ഭവനിൽ നിന്ന് ക്ഷണക്കത്ത് നൽകിയത്. ഇനി മുതൽ ഭരണഘടനയിലെ ആർട്ടിക്കിൾ ഒന്ന് ഇങ്ങനെ വായിക്കാം: “ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കുന്നതാണ്.” ഇപ്പോൾ സംസ്ഥാനങ്ങളുടെ കൂട്ടായ്മ പോലും ആക്രമണത്തിനിരയായിരിക്കുകയാണ്,” എന്നും- ജയറാം രമേശ് സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.”ഇന്ത്യ, എന്ന ഭാരതം” എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ രാജ്യത്തെ വിശേഷിപ്പിക്കുന്നത്.
സെപ്തംബർ 18-23 തീയതികളിൽ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യ എന്നത് “ഭാരത്” എന്നാക്കി മാറ്റാനുള്ള നിർദേശങ്ങൾ ഉയർന്നിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിജെപി രാജ്യസഭാ എം പി നരേഷ് ബൻസാലാണ് ‘ഇന്ത്യ’ എന്നത് ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത് കൊളോണിയൽ അടിമത്തത്തിന്റെ പ്രതീകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.ആർഎസ്എസ് തലവൻ മോഹൻ ഭഗവതും ഈ മാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യം നൂറ്റാണ്ടുകളായി ഭാരതം എന്നാണ് അറിയപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു “ഇന്ത്യ” എന്നതിന് പകരം “ഭാരത്” എന്ന പദം ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.. രാജ്യത്തിന്റെ അഭിമാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കോൺഗ്രസ് എന്തിനാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത് എന്നായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഢയുടെ പ്രതികരണം. ഭാരത് ജോഡോയുടെ പേരിൽ യാത്രകൾ സംഘടിപ്പിക്കുന്നവർ ഭാരത് മാതാ കീജയ് എന്ന മുദ്രാവാക്യത്തെ വെറുക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.