എങ്ങും തകർന്നടിഞ്ഞ് സിപിഎം ! പുതുപ്പള്ളിയിലും ത്രിപുരയിലും തോൽവി
സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തിയതിന് ശേഷം പത്താമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തോടെ വ്യക്തമാകുന്നത് പിണറായി സർക്കാരിന്റെ ഭരണവിരുദ്ധ വികാരമാണോ ? ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആറ് തവണയും വിജയം യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ എൽഡിഎഫിന് ജയിക്കാനായത് നാല് തവണ മാത്രം. ആദ്യ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് എട്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതിൽ നാലിടത്ത് യുഡിഎഫും നാലിടത്ത് എൽഡിഎഫുമാണ് വിജയിച്ചത്. 2016 മുതലുള്ള പത്ത് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണിയുടെ ഒരു സിറ്റിങ് സീറ്റിൽ യുഡിഎഫും വിജയിച്ചു.രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫാണ് വിജയിച്ചത്.
പുതുപ്പപ്പള്ളിയിലും തൃക്കാക്കരയിലും യുഡിഎഫ് സിറ്റിങ് സീറ്റുകൾ നിലനിർത്തുകയായിരുന്നു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് വേങ്ങരയിലേതായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ച ഒഴിവിലാണ് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ലീഗ് സ്ഥാനാർഥി കെഎൻഎ ഖാദർ മത്സരിച്ച് വിജയിച്ചു.2018ൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തി. കെകെ രാമചന്ദ്രൻനായരുടെ നിര്യാണത്തെ തുടർന്ന് സജി ചെറിയാനാണ് ഇവിടെനിന്ന് ഇടതുമുന്നണിക്കുവേണ്ടി ജനവിധി തേടിയത്. ത്രികോണമത്സരത്തിൽ ഡി വിജയകുമാറിനെയും പി എസ് ശ്രീധരൻപിള്ളയെയും മറികടന്ന് സജി ചെറിയാൻ മികച്ച വിജയം നേടുകയും ചെയ്തു.2019ൽ കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാലായിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ എൻസിപി സ്ഥാനാർഥി മാണി സി കാപ്പൻ വിജയിച്ചു. 2943 ആയിരുന്നു ഭൂരിപക്ഷം. പിന്നീട് മഞ്ചേശ്വരത്ത് എംഎൽഎയായിരുന്ന പി ബി അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി എം.സി കമറുദ്ദീൻ വിജയിച്ചു.ഹൈബി ഈഡൻ ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പക്കെട്ടതോടെ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി ജെ വിനോദ് എൽഡിഎഫിനെ മനുറോയിയയെ പരാജയപ്പെടുത്തി. അരൂരിൽ സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫിനുവേണ്ടി ഷാനിമോൾ ഉസ്മാൻ പിടിച്ചെടുത്തി. സിപിഎമ്മിലെ മനു സി പുളിക്കലിനെയാണ് ഷാനിമോൾ തോൽപ്പിച്ചത്.
2019ൽ തന്നെ കോന്നി, വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. കോന്നിയിൽ കെ യു ജനീഷ് കുമാറും വട്ടിയൂർക്കാവിൽ വി കെ പ്രശാന്തുമാണ് വിജയിച്ചത്.2022ൽ തൃക്കാക്കരയിൽ നടന്നത് രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു. പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസാണ് വിജയിച്ചത്. ജോ ജോസഫിനെയാണ് ഉമ തോൽപ്പിച്ചത്. പുതുപ്പള്ളിക്ക് പുറമേ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്നത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിൽ കൂടിയാണ്. ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെപ്പ് നടന്നത്. ത്രിപുരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും സിപിഎം തകര്‍ന്നടിഞ്ഞു. ധൻപൂരിൽ ബി.ജെ.പിയുടെ ബിന്ദു ദേബ്നാഥ് സി.പി.എമ്മിന്റെ കൗശിക് ചന്ദയ പരാജയപ്പെടുത്തി. 2003 മുതല്‍ സി.പി.എമ്മിന്റെ കോട്ടയാണ് ബോക്സാനഗര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഷംസുൽ ഹഖാണ് ഇവിടെ ജയിച്ചത്. 4,849 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഹഖിന്റെ മരണത്തെ തുടർന്നാണ് ബോക്സാനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇത്തവണ സി.പി.എമ്മില്‍ നിന്നും മണ്ഡലം പിടിച്ചെടുത്ത ബി.ജെ.പി സ്ഥാനാര്‍ഥി തഫജ്ജൽ ഹുസൈൻ 34,146 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എം സ്ഥാനാര്‍ഥി മിസാന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.