റെഡ് കാർഡ് കിട്ടി പുറത്തായ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസിന് ശിക്ഷ കൊടുത്ത് ആശാൻ
ഹൈദരാബാദ് എഫ് സിയുമായുള്ള ഇന്നത്തെ മത്സരത്തിൽ നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മിസ്സ് ചെയ്യാൻ പോകുന്നത് ഗ്രീക്ക് സെന്റർ സ്ട്രൈക്കറായ ദിമിത്രിയോസ് ഡയമാന്റകോസിനെ ആയിരിക്കുമെന്നുറപ്പാണ്. കാരണം കഴിഞ്ഞ കളിയിലൊക്കെ തന്നെ ദിമി മികച്ച ഫോമിലായിരുന്നു. മാത്രമല്ല ദിമി – ലൂണ സഖ്യം ഇന്ന് കളിക്കളത്തിലുണ്ടാകില്ല എന്നത് ഏറെ നിരാശകരമായ ഒന്ന് തന്നെയാണ്. തന്റെ ചെറിയൊരു അശ്രദ്ധ കാരണം റെഡ് കാർഡ് കിട്ടി കളിയിൽ പുറത്തിരിക്കേണ്ടി വന്ന ദിമിക്ക് മഞ്ഞപ്പടയുടെ സ്വന്തം ഇവാൻ ആശാൻ നൽകിയ ശിക്ഷയെന്താണെന്നറിയാമോ ?
ഹൈദരാബാദിന് എതിരായ മത്സരത്തിനു മുമ്പുള്ള പ്രസ് മീറ്റിലായിരുന്നു സെർബിയൻ പരിശീലകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് സ്റ്റുപ്പിഡ് കാർഡിലൂടെ റെഡ് കാർഡ് വാങ്ങിയതിന് ടീമിന്റെ ഒരു ഡിന്നറിന് പണം മുടക്കുക എന്നതായിരുന്നു ദിമിക്ക് നൽകിയ ശിക്ഷ. ടീമിന് ഭക്ഷണം സെർവ് ചെയ്യേണ്ടതായും വന്നിരുന്നു”. ചെറിയ ചിരിയോടെയാണ് ഇവാൻ വുകോമനോവിച്ച് ഇക്കാര്യം പറഞ്ഞത്. ദിമിക്ക് അടുത്തിടെയാണ് ഒരു ആൺകുഞ്ഞ് പിറന്നതെന്നും സീസണിൽ താരത്തിന്റെ ആദ്യ ഗോൾ അവനായാണ് ഗ്രീക്ക് താരം സമർപ്പിച്ചതെന്നും ഇവാൻ ആശാൻ വെളിപ്പെടുത്തി.രണ്ടാം മഞ്ഞക്കാർഡിനു ശേഷം ഡഗൗട്ടിൽ തന്റെ മുഖം കണ്ടപ്പോൾ അവനു കാര്യം മനസിലായെന്നും, എത്രമാത്രം മണ്ടത്തരമാണ് ചെയ്തതെന്ന് ഓർമിച്ചു എന്നും അതോടെ ക്ഷമാപണം നടത്തിയെന്നും”. ഇവാൻ ആശാൻ പറഞ്ഞു.
ദിമിയുടെ അഭാവത്തിൽ സ്ട്രൈക്കർ റോൾ ഏറ്റെടുക്കാൻ ഇഷാൻ പണ്ഡിത, രാഹുൽ കെപി തുടങ്ങിയവർ തയ്യാറായി കഴിഞ്ഞതായും ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ വ്യക്തമാക്കി.മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് നിര.കഴിഞ്ഞ മത്സരങ്ങളിൽ ഒഡിഷയേയും ഈസ്റ്റ് ബംഗാളിനേയും കീഴടക്കിയ ബ്ലാസ്റ്റേഴ്സ് ഹാട്രിക്ക് ജയം തേടിയാണ് ഹൈദരാബാദിനെതിരെ ബൂട്ടുകെട്ടുന്നത്. 6 മത്സരങ്ങളിൽ നിന്ന് 4 ജയമുൾപ്പെടെ 13 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയി്റ് ടേബിളിൽ രണ്ടാമതാണ്.. ലീഗിൽ ആറു മത്സരങ്ങൾ കളിച്ചിട്ടും ഒരു വിജയം പോലുമില്ലാതെയാണ് ഹൈദരാബാദ് എഫ് സി എത്തുന്നത്. പതിനൊന്നാം സ്ഥാനത്താണ് അവർ. മാർക്കോ ലെസ്കോവിച്ച് പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ഇന്ന് പുറത്ത് ഇരിക്കാനാണ് സാധ്യത. തോളിൽ പരിക്കേറ്റ മധ്യനിരതാരം ജീക്സൺ സിംഗ് കളത്തിലിറങ്ങാൻ ജനുവരി വരെ കാത്തിരിക്കേണ്ടി വരും.
അവധി കഴിഞ്ഞെത്തിയ ബ്ലാസ്റ്റേഴ്സ് ടീം കടുത്ത പരിശീലനത്തിന് ശേഷമാണ് ഇന്ന് കളത്തിൽ എത്തുന്നത്. ദിമിയില്ലെങ്കിലും മഞ്ഞപ്പട ശക്തമാണ് , മികച്ച ഫോമിലുമാണ്. ഈ സീസണിൽ സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഒരു മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വിജയപ്രതീക്ഷയിലാണ് മഞ്ഞപ്പട. ഹൈദരാബാദ് എഫ് സിക്ക് എതിരെ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ സ്റ്റാർട്ടിങ് ഇലവൻ ഇങ്ങനെയാകാനാണ് സാധ്യത. ഗോൾകീപ്പർ: സച്ചിൻ സുരേഷ്. പ്രതിരോധം: പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻസിച്ച് അല്ലെങ്കിൽ മാർക്കൊ ലെസ്കോവിച്ച്, നോച്ച സിംഗ്. മധ്യനിര: ഡൈസുകെ സകായ്, വിബിൻ മോഹനൻ, ഡാനിഷ് ഫറൂഖ് ബട്ട്, കെ. പി. രാഹുൽ. മുന്നേറ്റ നിര: അഡ്രിയാൻ ലൂണ, ഖ്വാമെ പെപ്ര. എന്നിങ്ങനെയാണ്. ഖ്വാമെ പെപ്രയുടെ വമ്പൻ തിരിച്ചുവരവിനും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്