ക്യാംപസുകളിൽ കേട്ടുകേൾവിയില്ലാത്തൊരു ദുരന്തം ! കുസാറ്റിലെ സങ്കടമഴയ്ക്ക് ഉത്തരവാദികൾ ആര് ?
കുസാറ്റിലെ ദാരുണമായ സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം. തിക്കിലും തിരിക്കിലും പെട്ട് അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽപെട്ട് ജീവൻ നഷ്ടമായ യുവത്വങ്ങൾ. ആരുടെ അശ്രദ്ധയാണ് ഈ മഹാസങ്കടത്തിന് വിനയായത്? എവിടെയാണ് സങ്കാടകർക്ക് പാളിയത് ? കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ടെക്ഫെസ്റ്റ് ഇങ്ങനെയൊരു സങ്കടമഴയായി മാറിയതെങ്ങനെയാണ് ? ക്യാംപസുകളിൽ കേട്ടുകേൾവിയില്ലാത്തൊരു ദുരന്തം എന്നതല്ലാതിനെ ഇതിനെ എങ്ങനെ നാം പറയും.. നമ്മുടെ കുട്ടികളെ വലിയ പ്രതീക്ഷയോടെ ഉന്നതവിദ്യാഭ്യാസത്തിനയയ്ക്കുന്ന മാതാപിതാക്കളുടെ നെഞ്ചിടിപ്പു കേട്ടുകൊണ്ടുവേണം നമ്മളിതിന് ഉത്തരം കണ്ടെത്താൻ. പ്രശസ്ത ഗായികയുടെ ഗാനസന്ധ്യ ആസ്വദിക്കാൻ ഒത്തുചേർന്ന നൂറുകണക്കിനു കുട്ടികളാണ് പെട്ടെന്നു പെയ്ത മഴയിൽനിന്നു രക്ഷ തേടി കുത്തനെ ഇറക്കമുള്ള പടിക്കെട്ടുകളിലേക്ക് ഓടിയിറങ്ങിയത്. മരണപ്പെട്ട 4 പേരിൽ 3 പേർ കോളേജിലെ തന്നെ വിദ്യാർത്ഥികളാണ്. വേണ്ടത്ര പൊലീസ് സംവിധാനം സ്ഥലത്തുണ്ടായിരുന്നോ, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ, നിയമപരമായ അനുവാദങ്ങൾ വാങ്ങിയിരുന്നോ, അപ്രതീക്ഷിതമായതു സംഭവിച്ചാൽ നേരിടാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നോ…തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ ഉത്തരവാദികൾ ബാധ്യസ്ഥരാണ്. സംഭവം നടക്കുമ്പോൾ വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണു സ്ഥലത്തുണ്ടായിരുന്നതെന്നാണ് അറിയുന്നത്. ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്കുള്ള ഗേറ്റ് തുറന്നതിന് പിന്നാലെ വിദ്യാർഥികൾ ഒന്നാകെ ഓടിക്കയറുകയായിരുന്നു.. ഗേറ്റ് കടന്ന ശേഷം താഴേക്കുള്ള പടികളിൽ വിദ്യാർഥികൾ വീഴുകയായിരുന്നു. പിന്നാലെ വന്നവർ ഇവർക്ക് മേൽ വീണു. കൂടുതൽ ആളുകൾ തള്ളിക്കയറിയതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി.കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിലാണ് വർഷം തോറുമുള്ള ടെക് ഫെസ്റ്റായ ധിഷ്ണ നടക്കുന്നത്. നവംബർ 24, 25, 26 തിയതികളിലാണ് പരിപാടി നിശ്ചയിച്ചത്.ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു നടന്നുവന്നിരുന്നത്. ഓഡിറ്റോറിയത്തിനകത്ത് നിറയെ വിദ്യാർഥികളുണ്ടായിരുന്നു. എൻജിനീയറിങ് വിദ്യാർഥികൾ ഓഡിറ്റോറിയത്തിനകത്ത് ആദ്യം കയറി. പരിപാടിക്കായി മറ്റ് ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾക്ക് കയറാൻ ഗേറ്റിനടുത്ത് വൻ തിരക്ക് അനുഭവപ്പെട്ടു. പുറത്ത് മഴ പെയ്തതും കൂടുതൽ കുട്ടികൾ ഓഡിറ്റോറിയത്തിലേക്ക് വരാൻ കാരണമായി.ഗേറ്റ് തുറന്നതോടെ വിദ്യാർഥികൾ കൂട്ടമായി തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്നു. ഒറ്റ വഴി മാത്രമേ അകത്തേക്ക് കടക്കാൻ ഉണ്ടായിരുന്നുള്ളൂ. ഗേറ്റ് കടക്കുന്നയുടൻ താഴേക്ക് സ്റ്റെപ്പുകളാണ്. ഈ സ്റ്റെപ്പിലാണ് ആദ്യം കുട്ടികൾ വീണത്. പിന്നാലെയെത്തിയവർ ഇവർക്ക് മേലെ വീണു. പിറകിൽ നിന്ന് വീണ്ടും വീണ്ടും തിരക്കുണ്ടായതോടെ വീണവർ അടിയിൽ കുടുങ്ങുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് പാസ് അനുവദിച്ചിരുന്നു. എന്നാൽ, മഴ പെയ്തതോടെ പാസ് ഇല്ലാത്തവർ ഉൾപ്പെടെ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയെന്ന് വിദ്യാർഥികൾ പറയുന്നു.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്രപേര്‍ വന്നിട്ടുണ്ടെന്ന് അറിയില്ലെന്നാമ് കൊച്ചിന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന് അറിയിച്ചത്. പരിപാടിയില്‍ പ്രദേശവാസികളും പങ്കെടുത്തിരുന്നു. കൊവിഡ് കാരണം മൂന്ന് വര്‍ഷമായി നടത്താതിരുന്ന പരിപാടിയാണിത്. പരിപാടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ ഇങ്ങനെയൊരു അപകടം ഉണ്ടാവുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മാത്രം 25000 പേര് വരും. ഇതുകൂടാതെ കൊച്ചിന് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്നും വി സി വ്യക്തമാക്കി. എന്നാൽ സംഘാടകരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച് ഉണ്ടായെന്ന് കളമശ്ശേരി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് ആരോപിച്ചു. ഹാളിലേക്ക് എന്‍ട്രിയും എക്സിറ്റും ഒരേ സ്ഥലത്ത് തന്നെയാണ് ഉണ്ടായിരുന്നത് എന്നും ഇത്രയും വലിയ ഹാളിന്റെ പ്രവേശന കവാടവും വളരെ ചെറുതായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധക്കുറവിന്റെയും തിരക്കുനിയന്ത്രണ പാളിച്ചകളുടെയും ദുരന്തപാഠമായി മാറിയിരിക്കുകയാണ് കുസാറ്റ് ദുരന്തം.