ബ്ലാസ്റ്റേഴ്സിന്റെ ശത്രുക്കൾക്ക് എട്ടിന്റെ പണി; മുബൈ സിറ്റി എഫ്സി താരത്തിന് സസ്പെൻഷൻ
കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും ശത്രുക്കളായ മുംബൈ സിറ്റിയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന അർജന്റൈൻ സ്ട്രൈക്കർ ഹോർഹെ പെരെയ്ര ഡയസിനെ നമുക്കറിയാം. താരം കളിക്കളത്തിലെ അച്ചടക്കത്തിന്റെ കാര്യത്തിൽ അല്പം പിന്നിലാണ്. ഇപ്പോളിതാ ഇക്കഴിഞ്ഞ കലിംഗ സൂപ്പർ കപ്പിൽ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ മുംബൈ സിറ്റിയുടെ താരമായ ഡയസിന് സസ്പെൻഷൻ വിധിച്ചിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഒഡീഷ എഫ്സിക്കെതിരെ നടന്ന കലിംഗ സൂപ്പർ കപ്പിന്റെ സെമിഫൈനലിന് ശേഷം മൈതാനത്ത് ഉണ്ടായ പ്രശ്നങ്ങളാണ് താരത്തിന്റെ സസ്പെഷനിലേക്ക് നയിച്ചത്. നാല് കളികളിൽ നിന്നുള്ള വിലക്കാണ് എഐഎഫ്എഫിന്റെ അച്ചടക്ക സമിതി ഡയസിന് വിധിച്ചിരിക്കുന്നത്. ഇതോടുകൂടി ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ നാല് കളികളിൽ ഈ അർജന്റൈൻ താരത്തിന് പുറത്തിരിക്കേണ്ടി വരും. ഡയസിന് പുറമെ മുംബൈ സിറ്റിയുടെ വിദേശ താരമായിരുന്ന റോസ്റ്റിൻ ഗ്രിഫിത്സിനുമെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ശിക്ഷ വിധിച്ചിട്ടുണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്നാണ് ഗ്രിഫിത്സിന് സസ്പെൻഷൻ.
ഒഡീഷക്കെതിരായ മത്സരത്തിന് ശേഷം ഈ താരങ്ങൾ കനത്ത അച്ചടക്ക ലംഘനം നടത്തിയെന്നാണ് അച്ചടക്ക സമിതിയുടെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് കനത്ത ശിക്ഷ തന്നെ ഇവർക്ക് ലഭിച്ചത്. എന്നാൽ ഓസ്ട്രേലിയൻ താരമായ ഗ്രിഫിത്സുമായുള്ള കരാർ സൂപ്പർ കപ്പിന് ശേഷം മുംബൈ സിറ്റി അവസാനിപ്പിച്ചിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ വിലക്ക് മുംബൈയെ ഈ സീസണിൽ ബാധിക്കില്ല. പക്ഷേ ഡയസിന്റെ അഭാവം ടീമിന് കനത്ത തിരിച്ചടി തന്നെയാണ്. ഈ സീസൺ മുതൽ മുംബൈ സിറ്റി എഫ്സിക്കൊപ്പമുള്ള പെരെയ്ര ഡയസ് സീസണിൽ മികച്ച ഫോമിലായിരുന്നു. ഐ എസ് എല്ലിൽ ഇക്കുറി കളിച്ച 11 മത്സരങ്ങളിൽ ആറ് ഗോളുകൾ നേടാൻ ഡയസിന് സാധിച്ചിരുന്നു. മാത്രമല്ല സീസണിൽ മൊത്തത്തിൽ 23 കളികളിൽ മുംബൈയ്ക്കായി ബൂട്ടുകെട്ടിയ ഈ മുപ്പത്തിമൂന്നുകാരൻ 11 ഗോളുകൾ നേടിയതിനൊപ്പം ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരിക്കൽക്കൂടി കിരീടം ലക്ഷ്യമിടുന്ന മുംബൈ സിറ്റിക്ക് അടുത്ത നാല് മത്സരങ്ങളിൽ ഡയസിന്റെ സാന്നിധ്യം ലഭിക്കില്ല. ഈസ്റ്റ് ബംഗാൾ, ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, എഫ് സി ഗോവ എന്നിവരാണ് ഇനിയുള്ള മത്സരങ്ങളിൽ മുംബൈയുടെ എതിരാളികൾ. നിലവിൽ 12 കളികളിൽ 22 പോയിന്റോടെ ലീഗ് ടേബിളിൽ നാലാമതാണ് മുംബൈ സിറ്റി എഫ്സി. ഡയസില്ലാതെ വരും മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് മൂംബൈയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.
നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിലെത്തിയ 2021-22 സീസണിലായിരുന്നു പെരെയ്ര ഡയസ് ടീമിന്റെ ഭാഗമായിരുന്നത്. ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 21 ഐ എസ് എൽ മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ താരം എട്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ആ സീസണ് ശേഷം ഡയസ് മഞ്ഞപ്പടയുമായി കരാർ പുതുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ചില വൻ ട്വിസ്റ്റുകൾ സംഭവിക്കുകയും താരം അവസാനം മുംബൈ സിറ്റി എഫ്സിയിലേക്ക് ചേക്കേറുകയുമായിരുന്നു. എന്തായാലും മുബൈയ്ക്ക് കിട്ടിയ എട്ടിന്റെ പണിയാണിത്. എന്തായാലും നമ്മുടെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 12 നാണ് അതിനായി കാത്തിരിക്കാം .