പിഴവുകള്‍ മാത്രം, ഇവാനും ബ്ലാസ്റ്റേഴ്സിനും പിഴച്ചതെവിടെ ?
നിരാശയിൽ ഇവാൻവുക്കമനോവിച്ച്
പത്താം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഘട്ടത്തിൽ ദയനീയ പ്രകടനം തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ പരാജയപ്പെട്ട മഞ്ഞപ്പട ഇപ്പോൾ പഞ്ചാബ് എഫ്സിക്ക് മുന്നിലും നാണം കെട്ടിരിക്കുന്നു. സ്വന്തം തട്ടകമായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ പരാജയം. ഹോം മത്സരത്തിൽ എപ്പോഴും കരുത്ത് കാട്ടാറുള്ള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എൽ സീസണിൽ ഇത് നാലാം തവണയാണ് തോൽവി അറിയുന്നത്. ദയനീയ പ്രകടനമായിരുന്നു ഇന്നലത്തെ കളിയിൽ മഞ്ഞപ്പടയുടേത്. സ്വന്തം തട്ടകത്തിൽ പോരാട്ടത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പഞ്ചാബ് എഫ്സിക്കെതിരെ മത്സരം തുടങ്ങിയത്. ഒഡീഷ എഫ്സിക്കെതിരായ തോൽവിയിൽ നിന്നുള്ള തിരിച്ചുവരവായിരുന്നു ടീമിൻെറ ലക്ഷ്യം. എന്നാൽ മത്സരത്തിലെ തുടക്കത്തിലുണ്ടായ മേൽക്കൈ ടീമിന് നിലനിർത്താൻ സാധിച്ചില്ല. സമീപകാലത്ത് ഇത്രയും മോശമായി കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ആരാധകർ കണ്ടിട്ടില്ല. തോൽവിയേക്കാൾ ടീം കളിച്ച രീതിയാണ് മഞ്ഞപ്പട ആരാധകരെ അസ്വസ്ഥരാക്കുന്നത്.സീസണില്‍ 20 ഗോള്‍ വഴങ്ങിയ പ്രതിരോധനിരയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് ടാർഗറ്റിലെത്തിക്കാനായത് കേവലം മൂന്ന് ഷോട്ടുകള്‍ മാത്രം. അറ്റാക്കിങ് തേഡില്‍ താരങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ അപ്പാടെ പിഴച്ചുവെന്ന് പറയാം. പഞ്ചാബ് പ്രതിരോധനിരയിലെ വിള്ളലുകള്‍ മനസിലാക്കി കളി മെനയാനാൃുമായില്ല. ലോങ് ഷോട്ടുകളിലൂടെ ഗോള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പലകുറി പരാജയപ്പെട്ടിട്ടും ഡയസുകെ സകായിയും രാഹുല്‍ കെ പിയും അതുതന്നെ ആവർത്തിച്ചു കൊണ്ടേയിരുന്നു. സീസണില്‍ നിരവധി ഗോളുകള്‍ സമ്മാനിച്ച ബോക്സിനുള്ളിലെ നീക്കങ്ങള്‍ കൊച്ചിയില്‍ ഇന്നലെ പ്രത്യക്ഷമായില്ല എന്നു തന്നെ പറയേണ്ടി വരും. മത്സരശേഷം സംസാരിക്കവെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും ഇങ്ങനെയൊരു തോൽവി നേരിടേണ്ടി വന്നതിലുള്ള നിരാശയും പങ്കുവെച്ചു. താൻ ബ്ലാസ്റ്റേഴ്സിൽ വന്നതിന് ശേഷം മഞ്ഞപ്പടയുടെ ഏറ്റവും മോശം കളിയെന്നാണ് പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. വലിയ നാണക്കേടാണ് ഈ മത്സരഫലത്തിലെന്ന് സൂചിപ്പിച്ച ഇവാൻ, പരിക്കിനെത്തുടർന്ന് ചില കളിക്കാരെ നഷ്ടമായത് ഈ പരാജയത്തിന് ഒഴികഴിവായി പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടി. വളരെയധികം നിരാശയിലായിരുന്നു മഞ്ഞപ്പട ആരാധകരുടെ പ്രിയ ആശാനെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. മത്സരത്തിന്റെ മുപ്പത്തിയൊൻപതാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളിൽ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ നാൽപ്പത്തിരണ്ടാം മിനിറ്റിൽ വിൽമർ ജോർദാൻ നേടിയ ഗോളിൽ പഞ്ചാബ് സമനില പിടിക്കുകയായിരുന്നു. ലക്ഷ്യം പിഴയ്ക്കാത്ത ഡയമന്റക്കോസിന്റെ ബൂട്ടുകള്‍ക്ക് രണ്ടാം പകുതിയില്‍ സുവർണാവസരങ്ങള് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിക്കാതെ വന്നു. ആദ്യ പകുതിയിലും ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയായിരുന്നു മഞ്ഞപ്പടയുടേത്. അതുകൊണ്ടു തന്നെ ഇടവേളയ്ക്കിടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് ഡ്രസ്സിങ് റൂമിൽ വെച്ച് തന്റെ താരങ്ങളോട് ചില കാര്യങ്ങൾ പറയേണ്ടി വന്നു. നമ്മൾ ഇതുപോലെയാണ് കളിക്കാൻ പോകുന്നതെങ്കിൽ എല്ലാ കളികളും തോൽക്കും എന്നാണ് ഇവാൻ പറഞ്ഞത്. പൊരുതിക്കളിച്ച് തന്നെയാണ് പഞ്ചാബ് എഫ് സി ഇത്തവണ ഇവാൻ വുകോമനോവിച്ചിൻെറ സംഘത്തെ വീഴ്ത്തിയത്.പഞ്ചാബ് എഫ്സിക്കെതിരായ പരാജയം ഈ സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഷീൽഡ് പ്രതീക്ഷകൾക്ക് ഏറെക്കുറെ അവസാനം കുറിച്ചുകഴിഞ്ഞു. കിരീട സാധ്യതകളും ഇതോടെ മങ്ങി. നിലവിൽ 14 കളികളിൽ എട്ട് ജയവും രണ്ട് സമനിലയും നാല് തോൽവികളുമുള്ള മഞ്ഞപ്പട 26 പോയിന്റുമായി, പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഈ വെള്ളിയാഴ്ച ചെന്നൈയിൻ എഫ്സിക്കെതിരെയാണ് ലീഗിൽ അടുത്ത മത്സരം. ചെന്നൈയിൻ എഫ്സിയുടെ ഹോം ഗ്രൗണ്ടിലാണ് ഈ മത്സരം.