ടി.പി. വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല; 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി
ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല.
അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കേസിലെ ഒൻപത് പ്രതികള്‍ക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം.
കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.