EURO 2024: പോര്‍ച്ചുഗലിനെ വിറപ്പിച്ച് കീഴടങ്ങി ചെക്ക് റിപ്പബ്ലിക്ക്
യൂറോ കപ്പ് ഫുട്ബോളില്‍ കരുത്തരായ പോർച്ചുഗലിന് ചെക്ക് വെക്കാനാകാതെ എതിരാളികളായ ചെക്ക് റിപ്പബ്ലിക്കിന് അവിശ്വസനീയമായ തോല്‍വി.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോർച്ചുഗല്‍ രണ്ടു ഗോളുകള്‍ വലയിലെത്തിച്ച് തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമില്‍ പകരക്കാരനായ ഫ്രാൻസിസ്കോ കോണ്‍സെയ്സോയാണ് പോർച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്.
മത്സരം തുടങ്ങി 62ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡ് നേടിയ തകർപ്പൻ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് എന്നാല്‍ 69ാം മിനിറ്റില്‍ റോബിൻ റനാക്കിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. തുടർന്നാണ് ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ ഫ്രാൻസിസ്കോ കോണ്‍സെയ്സോ പോർച്ചുഗലിന് അവിശ്വസനീയമായ ജയം സമ്മാനിച്ചത്.
എതിരാളികളുടെ പിഴവില്‍ നിന്നും സമനില പിടിച്ച പോർച്ചുഗല്‍ പിന്നീട് വിജയത്തിനായി എതിർ ഗോള്‍മുഖത്ത് ഇരമ്ബിയാർത്തു. തുടരൻ ആക്രമണങ്ങള്‍ക്കൊടുവില്‍ 90+2 ാം മിനിറ്റിലാണ് വിജയഗോള്‍ കണ്ടെത്തിയത്. പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍പട്ടികയില്‍ ഇടം നേടാനായില്ല.
ജയത്തോടെ ഗ്രൂപ്പ് എഫില്‍ തുർക്കിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് പോർച്ചുഗല്‍. തുർക്കി 3-1ന് ജോർജിയയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ഗോള്‍ ശരാശരിയില്‍ അവർ മുന്നിലെത്തുകയായിരുന്നു. അടുത്ത മത്സരത്തില്‍ തുർക്കിയാണ് പോർച്ചുഗലിന്റെ എതിരാളികള്‍.
2016ലെ യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫൈനല്‍ തേർഡിലെ മൂർച്ചയില്ലായ്മ അവരെ ഗോള്‍ നേടുന്നതില്‍ നിന്ന് അകറ്റി നിർത്തി. ചെക്ക് പ്രതിരോധ മതില് തകർക്കാൻ ലോകോത്തരമായ പോർച്ചുഗീസ് നിര വിയർക്കുന്ന കാഴ്ചയാണ് കാണാനായത്.
അതേസമയം, ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തോടെ ഒരു അപൂര്‍വ റെക്കോർഡ് ക്രിസ്റ്റ്യാനോയുടെ പേരിലെഴുതപ്പെട്ടു. ഏറ്റവുമധികം യൂറോ കപ്പുകളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് ഇതിഹാസത്തിന്റെ പേരിലായത്. സ്പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പർ ഐക്കർ കസിയസിനെ (അഞ്ച് യൂറോ കപ്പ്) ആണ് റോണോ മറികടന്നത്. യൂറോ കപ്പില്‍ സമീപകാലത്തൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡായി അത് നിലനില്ക്കും. യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ക്രിസ്റ്റ്യാനോയാണ്. 25 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍. ഒമ്ബത് ഗോളുകളുമായി ഫ്രഞ്ച് മുൻ താരം മിഷേല്‍ പ്ലാറ്റിനിയും ഏഴ് ഗോളുകളുമായി ഫ്രാൻസിന്റെ അന്റോയ്ൻ ഗ്രീസ്മാനും ഇംഗ്ലണ്ടിന്റെ അലൻ ഷിയററുമാണ് പിന്നിലുള്ളത്.ക്രിസ്റ്റ്യാനോയുടെ സഹതാരം പെപ്പെയും അപൂർവ നേട്ടം സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇറങ്ങിയതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമായി പെപ്പെ മാറി. 41 വയസും 113 ദിവസവുമാണ് പെപ്പെയുടെ പ്രായം. കഴിഞ്ഞ യൂറോയില്‍ കളിച്ച ഹംഗറി ഗോള്‍ കീപ്പര്‍ ഗാബോർ കിറാലെയുടെ പേരിലായിരുന്നു ഇന്നലെ വരെ ഈ റെക്കോർഡ്. 40 വയസും 86 ദിവസവുമായിരുന്നു അന്ന് കിറാലിയുടെ പ്രായം.