ഓം ബിര്‍ള ലോക്സഭ സ്പീക്കര്‍
പതിനെട്ടാം ലോക്സഭാ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും അദ്ദേഹം സ്പീക്കറാകുന്നത്.
പ്രതിപക്ഷശബ്ദം എതിര്‍ക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അതിനാലാണ് മത്സരിച്ചതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. ഓം ബിര്‍ള വീണ്ടും സ്പീക്കറായി എത്തിയത് സഭയുടെ ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.16 പ്രമേയങ്ങളാണ് സ്പീക്കര്‍ സ്ഥാനത്തേക്കായി പ്രോടേം സ്പീക്കറിന് മുന്നില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ളയ്ക്കായി ആദ്യപ്രമേയം അവതരിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പിന്തുണച്ചു. ഓം ബിര്‍ളയ്ക്കായി ഭരണ പക്ഷത്ത് നിന്നും 13 പ്രമേയങ്ങളും കൊടിക്കുന്നില്‍ സുരേഷിനായി മൂന്ന് പ്രമേയങ്ങളുമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് നരേന്ദ്ര മോദി അവതരിപ്പിച്ച ആദ്യപ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാതെ വന്നതോടെ സ്പീക്കറായി ഓം ബിര്‍ള തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും ചേര്‍ന്നാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയെ സ്വീകരിച്ചത്. കഴിഞ്ഞ തവണത്തേതുപോലെ സഭയെ നയിക്കാന്‍ ഓം ബിര്‍ളയ്ക്ക് കഴിയട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. തുടര്‍ച്ചയായ രണ്ടാം ടേം സ്പീക്കര്‍ പദവിയിലേക്ക് ഒരേയാള് വരുന്നത് പാര്‍ലമെന്റ് ചരിത്രത്തില്‍ രണ്ടാം തവണയാണ്. 1980 മുതല്‍ 1989 വരെ രാജീവ്ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തില് സ്പീക്കര്‍ ആയിരുന്ന ബല്‍റാം ഝാക്കറാണ് മുമ്ബ് തുടര്‍ച്ചയായ രണ്ട് തവണ അധ്യക്ഷ പദവിയിലിരുന്നിട്ടുളളത്. ലോക്സഭ സ്പീക്കര്‍ പദവിയില്‍ ഭരണപക്ഷത്തുനിന്നുള്ള അംഗം വരുമ്ബോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതാണ് സഭയിലെ കീഴ്വഴക്കം. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്കിയാല് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സമവായമാകാമെന്ന് പ്രതിപക്ഷം അംഗീകരിച്ചിരുന്നു. ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കും മത്സരം ഒരുങ്ങിയത്.
കേരളത്തില്‍ നിന്നുള്ള ശശി തരൂര്‍ അടക്കമിള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യ സഖ്യത്തിലെ രണ്ട് സ്വതന്ത്ര എംപിമാരടക്കം ആകെ ഏഴുപേര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക്സഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല.
തരൂരിനെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ശത്രുഘ്നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ് വാദി പാര്‍ട്ടി എംപി അഫ്സല് അന്‍സാരി എന്നിവരും രണ്ട് സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്യാനുള്ളത്.