ക്രിസ്റ്റ്യാനോക്കും പോര്‍ച്ചുഗലിനും മടക്കം; പെനാല്‍റ്റി ഷൂട്ടൗട്ട് ജയിച്ച് ഫ്രാൻസ് സെമിയില്‍
യൂറോകപ്പ് ക്വാർട്ടറില്‍ ഫ്രാൻസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടങ്ങി പോർച്ചുഗലിനും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും കണ്ണീരോടെ മടക്കം.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് വിജയം സ്വന്തമാക്കി ഫ്രഞ്ചുപട സെമി ഫൈനല്‍ ബെർത്ത് ഉറപ്പിച്ചു. സെമിയില്‍ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികള്‍. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരഞ്ഞതോടെയാണ് മത്സരം ഷൂ്ട്ടൗട്ടിലേക്ക് നീണ്ടത്. ഇരുപകുതികളിലുമായി നിരവധി അവസരങ്ങളാണ് ഇരുടീമുകളും പാഴാക്കിയത്.
ആദ്യ പകുതിയില്‍ കരുതലോടെ കളിച്ച ടീമുകള്‍ രണ്ടാം പകുതിയില്‍ ആക്രമണ പ്രത്യാക്രമണവുമായി കളംനിറഞ്ഞു. എന്നാല്‍ ഫിനിഷിങിലെ പ്രശ്നങ്ങള്‍ തിരിച്ചടിയായി. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചിട്ടും മികച്ച സ്ട്രൈക്കറുടെ അഭാവം പോർച്ചുഗലിന് ഗോളവസരം നിഷേധിച്ചു. യൂറോയില്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ ഗോള്‍ കണ്ടെത്താൻ പ്രയാസപ്പെട്ട ഫ്രാൻസിന് ക്വാർട്ടറിലും വല കുലുക്കാനായില്ല. ഫ്രഞ്ച് ഗോള്‍കീപ്പർ മൈക്ക് മെയ്നാനും പോർച്ചുഗീസ് ഗോള്‍കീപ്പർ ഡിയോഗോ കോസ്റ്റയുടെയും മികച്ച സേവുകള്‍ മത്സരത്തില്‍ ഗോള്‍ അകറ്റിനിർത്തി. എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളില്‍ കിലിയൻ എംബാപെ പരിക്കേറ്റ് കളം വിട്ടു.
ഷൂട്ടൗട്ടില്‍ ഫ്രാൻസിനായി ആദ്യകിക്കെടുത്ത ഉസ്മാൻ ഡെംബെലെ അനായാസം പന്ത് വലയിലാക്കി. തുടർന്ന് കിക്കെടുത്ത യൂസൊഫ് ഫൊഫാന, ജൂല്‍സ് കൗണ്ടെ, ബ്രാഡ്ലി ബാർക്കോള, തിയോ ഹെർണാണ്ടെസ് എന്നിവരും ഡിയോഗോ കോസ്റ്റയ്ക്ക് ഒരവസരവും നല്‍കാതെ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചു. പ്രീക്വാർട്ടറില്‍ പോർച്ചുഗല്‍ ഹീറോയായ കോസ്റ്റക്ക് ഇത്തവണ ടീമിന്റെ രക്ഷക്കെത്താനായില്ല. പോർച്ചുഗലിനായി ആദ്യ കിക്കെടുത്ത ക്രിസ്റ്റിയാനോ പന്ത് വലയിലാക്കി. രണ്ടാമത്തെ കിക്കെടുത്ത ബെർണാഡോ സില്‍വയും വലകുലുക്കി. എന്നാല്‍ മൂന്നാം കിക്കിലാണ് പോർച്ചുഗലിന് പിഴച്ചത്. ജാവോ ഫെലിക്സിന്റെ പെനാല്‍റ്റി പോസ്റ്റില്‍ തട്ടി തെറിച്ചു. നാലാം കിക്ക് നൂനോ മെൻഡിസ് വലയിലെത്തിച്ചെങ്കിലും പോർച്ചുഗലിന് പരാജയം വഴങ്ങേണ്ടിവന്നു.ഇതോടെ അവസാന യൂറോ കപ്പ് കളിക്കുന്ന സൂപ്പർ താരം റൊണാള്‍ഡോയുടെയും പോർച്ചുഗലിൻറെ വെറ്റെറൻ ഡിഫൻഡർ പെപ്പെയുടെയും വിടവാങ്ങലിനും മത്സരം വേദിയായി.