വൈദ്യുതി ബില്‍ കുറയും; സാധാരണക്കാര്‍ക്ക് കോളടിച്ചു, 18,000 രൂപ സബ്സിഡിയില്‍ സോളാര്‍ പദ്ധതി
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ സാധാരണക്കാർക്കായി വമ്ബൻ പദ്ധതികള്‍. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാർ പദ്ധതി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി പദ്ധതിക്ക് മികച്ച പ്രതികരണമാണ് നേരത്തെയും ലഭിച്ചിട്ടുള്ളത്. വൈദ്യുതി നിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഈ പദ്ധതിയില്‍ 1.28 കോടി രജിസ്ട്രേഷനുകളും 14 ലക്ഷം അപേക്ഷകളും ഇതിനകം ലഭിച്ചിരുന്നു.
സൗരോർജം പ്രയോജനപ്പെടുത്തി സാധാരണ കുടുംബങ്ങള്‍ക്ക് ഗണ്യമായ സാമ്ബത്തിക ആശ്വാസം നല്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മേല്‍ക്കൂരയില്‍ സോളാർ പാനലുകള്‍ സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞത് 15,000 രൂപ മുതല്‍ 18,000 രൂപ വരെയാണ് കുടുംബങ്ങള്‍ക്ക് പ്രതിവർഷം ലാഭിക്കാൻ സാധിക്കുക. മാത്രമല്ല, സോളാർ പാനല്‍ ഇൻസ്റ്രാളേഷൻ, മെയിന്റനൻസ് എന്നിവയില്‍ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള നിരവധി യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കും.
സോളാർ പദ്ധതിക്ക് കീഴില്‍ ഒരു കിലോവാട്ടിന് 9,000 രൂപ മുതല്‍ 18,000 രൂപ വരെയാണ് വീട്ടുടമകള്‍ക്ക് സബ്സിഡി നല്‍കുന്നത്. കൂടാതെ മൂന്ന് കിലോവാട്ട് മുതല്‍ അഞ്ച് കിലോവാട്ട് വരെ വരുന്ന ഇൻസ്റ്റലേഷന് വേണ്ടി ചെലവാകുന്ന 2.20 ലക്ഷം രൂപ മുതല്‍ 3.5 ലക്ഷം രൂപ വരെ സാധാരണ നിങ്ങള്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതുപോലെ തവണകളായി അടയ്ക്കാവുന്നതാണ്. 2016ല്‍ ആരംഭിച്ച ഈ സോളാർ പദ്ധതിയുടെ കപ്പാസിറ്റി 2.7 ജിഗാവാട്ടായിരുന്നു. എന്നാല്‍, വരും വർഷങ്ങളില്‍ 40 ജിഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യം.