നഡ്ഡയുടെ പിന്‍ഗാമി ദക്ഷിണേന്ത്യന്‍ വനിതാ നേതാവ്?; പുതിയ ബിജെപി പ്രസിഡന്റ് രണ്ടാഴ്ചയ്ക്കകം

ജെപി നഡ്ഡക്ക് പകരക്കാനായി ബിജെപിയുടെ പുതിയ പ്രസിഡന്റിനെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ നേതാവിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ നേതാക്കളുടെ പേരുകളാണ് പട്ടികയില്‍ ഉള്ളത്. ഇതു യാഥാര്‍ഥ്യമായാല്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അധ്യക്ഷ സ്ഥാനം അലങ്കരിക്കും.
അടല്‍ബിഹാരി വാജ് പേയ്, ലാല്‍ കൃഷ്ണ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കുശഭാവു ഠാക്കറെ, ബംഗാരു ലക്ഷ്മണ്, കെ ജനകൃഷ്ണമൂര്‍ത്തി. വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, അമിത്ഷാ എന്നിവരാണ് നഡ്ഡയ്ക്ക് മുന്‍പ് പാര്‍ട്ടി അധ്യക്ഷസ്ഥാനം അലങ്കരിച്ചവര്‍. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുതിയ അധ്യക്ഷനെ നിയമിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നതെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പും ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും വന്നതോടെ തീരുമാനം നീളുകയായിരുന്നു.
ആന്ധ്ര ബിജെപി സംസ്ഥാന അധ്യക്ഷ ഡി പുരന്ദേശ്വരി, മഹിളാ മേര്‍ച്ച ദേശീയ പ്രസിഡന്റും കോയമ്പത്തൂര്‍ എംഎല്‍എയുമായ വനതി ശ്രീനിവാസന് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് പാര്‍ട്ടിക്ക് ഏറെ ഗുണകരമാകുന്ന രീതിയില്‍ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. ഒരു വനിത നേതൃസ്ഥാനത്ത് എത്തുന്നതോടെ പാര്‍ട്ടിയുടെ വനിതാ പ്രാതിനിധ്യം വര്‍ധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.