കാന്തപുരം പറയുന്ന പോലെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല; അധികം ആഘോഷങ്ങൾ വേണ്ടെന്നും, വധശിക്ഷ ഉടനെയെന്നും തലാലിൻറെ സഹോദരൻ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ തടഞ്ഞതിന്റെ ക്രെഡിറ്റ് സംബന്ധിച്ച് നമ്മുടെ നാട്ടിൽ തര്‍ക്കം തുടരുന്ന സമയത്ത്, ഏറെ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന് അബ്ദുള്‍ ഫത്താ മെഹ്ദി രംഗത്ത് വന്നിട്ടുണ്ട്.
നിമിഷപ്രിയയുടെ വധ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു എന്നതിന്റെ അർഥം, ആ വിധി റദ്ദാക്കി എന്നല്ലെന്ന് തലാലിന്റെ സഹോദരന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല. അതിൽ ഇത്രക്ക് ബഹളങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും മനസിലാകുന്നില്ല. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് ഒരു വലിയ അല്‍ഭുതവുമല്ല. ഇതേപോലെയുള്ള നിരവധി കേസുകളിൽ പലപ്പോഴും സംഭവിക്കാറുള്ള ഒരു സ്വാഭാവികമായാ നടപടി മാത്രമാണ് അത്. നിയമത്തെ ക്കുറിച്ച് അൽപ്പമെങ്കിലും ബോധമുള്ള ആര്‍ക്കും ഈ കാര്യങ്ങൾ നന്നായറിയാം’എന്നും അബ്ദുള്‍ ഫത്താ മെഹ്ദി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘സെഷൻസ് കോടതിക്ക് ഒരു നിശ്ചിത കാലയളവിലേക്ക് വിധി നടപ്പാക്കുന്നത് മാറ്റിവെക്കാൻ അധികാരമുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാല്‍ ഞങ്ങളുടെ ഉണങ്ങാത്ത മുറിവുകളില്‍ പടുത്തുയര്‍ത്തിയ വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്. സത്യം ഒരുകാലത്തും പരാജയപ്പെടില്ല. ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും’ എന്നാണ് മെഹ്ദി പറയുന്നത്.
ജൂലൈ 28-നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായി എന്ന് അറിയിച്ചത്.
നേരത്തെ ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടി വെക്കുകയും ചെയ്തിരുന്നു. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ ഈ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചത്.
ഇപ്പോൾ കാന്തപുരത്തിന്റെ ആവശ്യപ്രകാരം. ശൈഖ് ഉമർ ബിൻ ഹഫീദുൾ നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ വടക്കന്‍ യെമനിലെ പ്രാദേശിക ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് ശിക്ഷ റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായതെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടില്ല.
വധശിക്ഷ തടഞ്ഞതിനുപിന്നാലെ ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തലാല്‍ കുടുംബം രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ശിക്ഷ നടത്താൻ പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അറ്റോര്‍ണി ജനറലിന് കത്തു നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പങ്കിടരുതെന്ന് ഭര്‍ത്താവ് ടോമി തോമസും പ്രതികരിച്ചിരുന്നു. മോചനത്തിന് ഇത് തടസമാകുമെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇവിടെ വധശിക്ഷ റദ്ദാക്കി എന്ന് പറഞ്ഞ് നടത്തുന്ന കോലാഹലങ്ങൾ വാസ്തവത്തിൽ നിമിഷപ്രിയയുടെ ജീവന് തന്നെ അപകടമായി മാറുകയാണ്. തലാൽ കുടുംബം വളരെ വൈകാരികമായാണ് ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചെറിയ പ്രകോപനം പോലും, വലിയ ആഘാതങ്ങൾ ഉണ്ടാക്കാനാണ് സാധ്യത.