ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാവുന്നു

പോര്‍ച്ചുഗീസ് ലോകോത്തര താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാവുന്നു. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടുവര്‍ഷം നീണ്ട ഡേറ്റിങ്ങിനൊടുവിലാണ് വിവാഹനിശ്ചയം. സാമൂഹിക മാധ്യമത്തിലൂടെയാണ് വിരലില്‍ അണിഞ്ഞ വജ്രമോതിരത്തിന്റെ ചിത്രം പങ്കിട്ട് ജോര്‍ജിന ഈ വാര്‍ത്ത പങ്കുവെച്ചത്. ‘യെസ് ഐ ഡു, ഈ ജീവിതത്തിലും ഇനിയുള്ളതിലും’- എന്നാണ് ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ജോര്‍ജിനയ്ക്കും 40 കാരനായ റൊണാള്‍ഡോയ്ക്കും രണ്ട് പെണ്മക്കളുണ്ട്. റൊണാള്‍ഡോയുടെ മറ്റ് മൂന്ന് കുട്ടികളെ വളര്‍ത്താനും ജോര്‍ജിന സഹായിച്ചിട്ടുണ്ട്. 2022ല്‍ ദമ്പതികള്‍ക്ക് അവരുടെ നവജാത ഇരട്ടകളില്‍ ഒന്നിനെ നഷ്ടപ്പെട്ടു. ആണ്‍കുട്ടിയെയാണ് നഷ്ടമായത്. മുന്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൊണാള്‍ഡോ ഇപ്പോള്‍ സൗദി അറേബ്യയിലെ അല്‍- നാസറിന് വേണ്ടിയാണ് കളിക്കുന്നത്.
അതേസമയം, വിവാഹനിശ്ചയത്തെ കുറിച്ച് റൊണാള്‍ഡോ സ്ഥീരികരണമൊന്നും നടത്തിയിട്ടില്ല. ‘ഏറ്റവും ഉചിതമായ നിമിഷത്തിലാകും വിവാഹമുണ്ടാവുക. ഞാനും ജോര്‍ജിനയും വിവാഹിതരാകുമെന്നതില്‍ എനിക്ക് 1000 ശതമാനം ഉറപ്പാണ്. ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളിലോ, ആറുമാസത്തിനുള്ളിലോ, ഒരു മാസത്തിനുള്ളിലോ…എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം’- എന്നാണ് മുന്‍പ് നല്കിയ അഭിമുഖത്തിൽ റൊണാള്‍ഡോ പറഞ്ഞത്.