ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്നും വിട്ടുനിന്ന് രാഹുലും ഖാര്‍ഗെയും; കടുത്ത വിമര്‍ശനവുമായി ബിജെപി

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ നിന്നും ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിട്ടുനിന്നു. ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കളെ ബിജെപി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
ഈ വിട്ടുനില്‍ക്കലിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ പതാകയെയും പ്രധാനമന്ത്രി പദവിയെയുമാണ് അപമാനിച്ചതെന്ന് ബിജെപി പറഞ്ഞു. ഇതു നാണം കെട്ട പ്രവൃത്തിയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷം ദേശീയ ആഘോഷമാണ്. പാകിസ്ഥാന് സ്നേഹിയായ രാഹുല്‍ഗാന്ധിക്ക്, മോദി വിരോധം രാജ്യത്തോടും സേനകളോടുമുള്ള വിരോധമായി മാറിയോ?. ഭരണഘടനയ്ക്കും സേനയ്ക്കുമുള്ള സമ്മാനമാണോ ഇതെന്നും ഷെഹ്സാദ് പൂനെവാല ചോദിച്ചു.
എന്നാൽ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത്.