ജോക്കോവിച്ചിനെ വീഴ്ത്തി, അൽ കാരസ് യുഎസ് ഓപ്പണ്‍ ഫൈനലില്‍

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് കാര്‍ലോസ് അല്‍കാരസ്. നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനളിലേക്ക് കടന്നത്. 4-6, 6-7 (4-7), 2-6 എന്നിങ്ങനെ ആയിരുന്നു സ്കോര്‍.
രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യനായ യാനിക് സിന്നറും കാനഡയുടെ ഫെലിക്സ് ഓഷ്യെ അലിയാസിനും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയാകും ഫൈനലിലെ അല്‍കാരസിന്റെ എതിരാളി.
കളിയില്‍ ആധിപത്യം സ്ഥാപിച്ച് അല്‍കാരസ് 48 മിനിറ്റില്‍ ആദ്യ സെറ്റ് സ്വന്തമാക്കി. ആദ്യ മൂന്നു ഗെയിമുകള്‍ സ്വന്തമാക്കി രണ്ടാം സെറ്റില്‍ മികച്ച തിരിച്ചുവരവാണ് ജോക്കോവിച്ച് നടത്തിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച അല്‍കാരസ്, തുടര്‍ന്നുള്ള മൂന്നു ഗെയിമുകള്‍ സ്വന്തമാക്കി ഒപ്പമെത്തി. തുടര്‍ന്ന് 6 -6 എന്ന നിലയില്‍ ഒപ്പം പിടിച്ചതോടെ ടൈബ്രേക്കറിലേക്കു നീണ്ടു. ടൈബ്രേക്കറില്‍ 4 – 7 എന്ന നിലയില്‍ സെറ്റ് അല്‍കാരസ് സ്വന്തമാക്കി. രണ്ടിനെതിരെ ആറു ഗെയിമുകള്‍ക്ക് സെറ്റ് സ്വന്തമാക്കിയ അല്‍കാരസ്, ഫൈനലും ഉറപ്പിച്ചു.
38 വയസ്സുകാരനായ ജോക്കോവിച്ച് കരിയറിലെ 25ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിട്ടാണ് യുഎസ് ഓപ്പണിന് എത്തിയത്. ഒരു സീസണിലെ എല്ലാ ഗ്രാന്സ്ലാമുകളിലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന പ്രായംകൂടിയ താരമെന്ന റെക്കോര്‍ഡ് ജോക്കോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.