അധ്യാപകരും സ്വദേശികൾ മതി; അല്ലെങ്കിൽ 500 ദിനാർ ഫീസ് അടയ്ക്കണമെന്ന് ബഹ്റൈൻ

സ്വകാര്യ സ്കൂളുകളിൽ വിദേശ അധ്യാപകരെ നിയമിക്കുന്നതിന് ഫീസ് ഈടാക്കുമെന്ന് ബഹ്റൈൻ അധികൃതർ അറിയിച്ചു. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ സ്വദേശി അധ്യാപകരെ നിയമിക്കാൻ സർക്കാർ നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാതെ വിദേശ അധ്യാപകരെ നിയമിക്കുന്ന സ്കൂൾ അധികൃതർ 500 ദിനാർ ഫീസ് അടയ്ക്കണമെന്ന് സർക്കാർ അറിയിച്ചു.
അറബിക്, ഇസ്ലാമിക്, സോഷ്യൽ സ്റ്റഡീസ് അധ്യാപക തസ്തികകളിൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. അധ്യാപകരാകാൻ യോഗ്യതയുള്ള സ്വദേശികളുടെ ലിസ്റ്റ് സ്വകാര്യ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നും അധ്യാപക നിയമനത്തിൽ സ്വദേശികൾക്ക് മുൻഗണന നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ സ്കൂളുകളിൽ 600 ലധികം ബഹ്റൈനി അധ്യാപകർ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.