ഖത്തര്‍ യുഎഇയെ വീഴ്ത്തി; 2026 ലോകകപ്പിലേക്ക്

2026 ലെ ഫുട്ബോള്‍ ലോകകപ്പില്‍ ഖത്തര്‍ ഉണ്ടാകും. 2022ല്‍ ആതിഥേയരായി ലോകകപ്പില്‍ കളിച്ച ഖത്തര്‍ ഇത്തവണ ഏഷ്യയില്‍ നിന്നും ഔദ്യോഗികമായി യോഗ്യത നേടിയാണ് ടൂര്‍ണമെന്റില്‍ എത്തുന്നത്. യുഎഇയെ 2-1 കീഴടക്കിയാണ് ഖത്തര്‍ ലോകകപ്പ് ബെര്‍ത്ത് ഉറപ്പിച്ചിരിക്കുന്നത്.
ലോകകപ്പിന് യോഗ്യത നേടാന്‍ യുഎഇക്ക് സമനില മതിയായിരുന്നു. ആദ്യ കളിയില്‍ ഒമാനെതിരെ ഗോള്‍ രഹിത സമനില നേടിയ ഖത്തറിന് വിജയം അനിവാര്യമായിരുന്നു. വാശിയേറിയ പോരാട്ടത്തില്‍ മത്സരത്തിന്റെ ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു.
രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റില്‍ അക്രം അഫീഫ് എടുത്ത ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ബൗലം ഖൗഖി വലയിലെത്തിച്ചു. 73ാം മിനുറ്റില്‍ പെഡ്രോ മിഗ്വല്‍ രണ്ടാം ഗോളും നേടി. 88ാം മിനിറ്റില്‍ താരിഖ് സല്മാന് ചുവപ്പുകാര്‍ഡുമായി പുറത്തായി. ഇഞ്ചുറി ടൈമിലെ എട്ടാം മിനിറ്റിലാണ് സുല്‍ത്താന്‍ ആദില്‍ യുഎഇയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.