നവംബറില്‍ മെസി എത്തില്ല – ഗാസ്റ്റണ്‍ എഡുള്‍; അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ അനിശ്ചിതത്വം

മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം. അര്‍ജന്റീന ടീമിന്റെ കേരളത്തിലെ മത്സരം റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന പുരുഷ ഫുട്ബോള്‍ ടീമിന്റെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് ജനപ്രിയ സ്പാനിഷ് ഭാഷാ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ഫിഫ വിന്‍ഡോയില്‍ നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ മത്സരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ റിപ്പോര്‍ട്ടിലാണ് ലാ നാസിയോണിന്റെ പരാമര്‍ശം.
നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്സര് പ്രഖ്യാപിച്ചത്. ലുവാണ്ടയില്‍ അംഗോളയ്ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടുണ്ട്. ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്നാണ് അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുള്‍ എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. അര്‍ജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍ എഡുള്‍.