കാർ യാത്രക്കാരെ കൊള്ളയടിച്ചു; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി റിയാദ് പൊലീസ്
കാർ യാത്രികരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ആളെ റിയാദ് പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, കത്തിയടക്കമുള്ള വസ്തുക്കൾ എന്നിവയും കണ്ടെടുത്തു. പ്രതി വിദേശിയാണെന്നും കൂടുതൽ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് റിയാദിലെ ബത്ഹയിൽ വച്ച് ഇയാൾ കാർ യാത്രക്കാരെ തടഞ്ഞുനിർത്തി കൊള്ളയടിച്ചത്. മാലിന്യം നിക്ഷേപിക്കുന്ന വീപ്പകൾ ഉപയോഗിച്ച് റോഡിൽ തടസമുണ്ടാക്കിയ ശേഷം ഇയാൾ കാർ തടയുകയും ഇരകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കാറിൽ ഡ്രൈവറും മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. മൊബൈൽ ഫോണുകൾ തട്ടിയെടുത്ത പ്രതി ഇരുവരോടും വാഹനത്തിന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് പണമടങ്ങുന്ന പേഴ്സ് കൈക്കലാക്കിയ ശേഷം രക്ഷപ്പെട്ടു.
എന്നാൽ ഈ സംഭവം തൊട്ടടുത്തുള്ള കെട്ടിടത്തിൽ നിന്ന് ഒരാൾ പകർത്തുകയും തുടർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്തു. സംഭവം നടന്ന് 24 മണിക്കൂർ തികയും മുൻപാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യറായിട്ടില്ല.













