രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെരുവിൽ ഇറങ്ങിയ പ്രവർത്തകരോട് എന്ത് പറയും? പാലക്കാട് രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുത്ത പ്രമീളക്കെതിരെ പാർട്ടിയിൽ വൻ രോഷം
ലൈംഗീക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്, വളരെ മനോഹരമായ ഒരു വിശദീകരണം നൽകിയിരിക്കുകയാണ് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. നഗരസഭയുടെ വികസന പദ്ധതിയായത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. താൻ പങ്കെടുത്തില്ലെങ്കിൽ ആ പരിപാടിയുടെ ക്രെഡിറ്റ് മുഴുവനും രാഹുലിന് മാത്രം കിട്ടുമായിരുന്നെന്നും വിശദീകരണത്തില്‍ പറയുന്നു. കൂടാതെ എംഎൽഎ ഫണ്ട് വിനിയോഗിക്കുന്ന കാരണം കൊണ്ടുമാണ് പങ്കെടുത്തതെന്ന് പ്രമീള പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതു പരിപാടിയിൽ പങ്കെടുത്തതിൽ പത്രസമ്മേളനം നടത്തി പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ചെയർപേഴ്സൺ സ്ഥാനം രാജിവയ്ക്കണം എന്നാണ് സി. കൃഷ്ണകുമാർ പക്ഷത്തിന്റെ ആവശ്യം. വീണ് കിട്ടിയ അവസരം മുതലാക്കി എതിർവിഭാഗത്തെ പൂർണമായും വെട്ടിയൊതുക്കാൻ ആണ് കൃഷ്ണകുമാര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്ന പ്രമീള ശശിധരൻ സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകുകയായിരുന്നു.
ഇതോടെ കടുത്ത നടപടികളിലേക്ക് പോകുന്നതില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്മാറിയേക്കും. എന്നാൽ നടപടി വേണമെന്ന് ജില്ലാ നേതൃത്വം വാശിപിടിക്കുന്ന പശ്ചാത്തലത്തിൽ ചെറിയ നടപടിയെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമീള ശശിധരനെതിരെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട്.
മാത്രവുമല്ല ബിജെപി എന്തെങ്കിലും കാര്യമായ നടപടി സ്വീകരിച്ചാൽ പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കവും ശക്തമാണ്. പ്രമീളയെ സ്വാഗതം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ബിജെപിയിലെ വിഭാഗീയത മുതലെടുക്കാൻ തന്നെയാണ് കോൺഗ്രസ് നീക്കം. പ്രമീള ശശിധരനെ പാർട്ടിയിൽ എത്തിച്ചാൽ ഗുണകരമെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തതിന് നഗരസഭ ചെയർപേഴ്സനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനാണ് ബിജെപി ജില്ലാ ഘടകം തീരുമാനിക്കുന്നതെങ്കിൽ സംരക്ഷണം ഒരുക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് പറയുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ വേദി പങ്കിട്ടതിന് പിന്നാലെ പാലക്കാട് ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. പ്രമീള ശശിധരനെതിരെ കൃഷ്ണകുമാർ പക്ഷം ആദ്യം രംഗത്തെത്തി. പ്രമീള ശശിധരൻ രാജി വയ്ക്കണമെന്ന് ബിജെപി ജില്ലാ കമ്മറ്റിയിൽ 18 പേർ ആവിശ്യപ്പെട്ടു.
പ്രമീള ശശിധരൻ പ്രവർത്തകരുടെ മനോവീര്യം തകർത്തു. നടപടി എടുത്തില്ലെങ്കിൽ പാർട്ടി അച്ചടക്കം തകരും. മാധ്യമങ്ങൾക്ക് മുന്നിൽ ചെയ്ത തെറ്റ് ഏറ്റു പറയണമെന്നും നേതാക്കൾ കമ്മറ്റിയിൽ പറഞ്ഞു. പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നൽകരുതെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. അതേസമയം പ്രമീള ശശിധരൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
രാഹുലിനെതിരെ സമരം ചെയ്ത് കേസിൽ പ്രതിയായവരോട് പാർട്ടി എന്ത് മറുപടി പറയുമെന്നും ഒരു വിഭാഗം ചോദിക്കുന്നുണ്ട്. രാഹുലിനെതിരെ പ്രകടനം നടത്തി പോലീസിന്റെ തല്ല് കിട്ടിയ പാർട്ടി പ്രവർത്തകരുടെ മുന്നിൽ തല കുനിച്ച് നിൽക്കേണ്ട അവസ്ഥയാണ് നേതാക്കൾക്കെന്നും ചിലർ പറയുന്നുണ്ട്.
അതുകൊണ്ട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് പരസ്യ പ്രതികരണം നടത്തിയില്ലെങ്കിൽ രാജിവയ്ക്കണം എന്നാണ് അവരുടെ ആവശ്യം. എന്നാൽ പ്രമീള രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം ഉള്ളത്. ഇലക്ഷൻ അടുത്ത് വരുന്ന സമയത്തുള്ള രാജി പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പ്രമീള ആദ്യം പറഞ്ഞത് , വികസന പ്രവർത്തനമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ്. പാർട്ടി എന്ത് നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രമീള ശശിധരന് പറഞ്ഞിരുന്നു. വാർഡ് കൗൺസിലറാണ് തന്നെ പരിപാടിയിലേക്ക് വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല. രേഖാമൂലമോ വിളിച്ചറിയിക്കുകയോടെ ചെയ്തിട്ടില്ലെന്നും പ്രമീള പറഞ്ഞിരുന്നു.
തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയാറാണെന്ന് പറഞ്ഞ പ്രമീള, തൻ ഒരിക്കലും പാർട്ടി വിട്ട് കോൺഗ്രസിൽ ചേരില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്തായാലും ഈ വിശദീകരണം തൃപ്തികരം അല്ലെങ്കിലും പാർട്ടി കൂടുതൽ നടപടികൾ സ്വീകരിക്കില്ല എന്നാണ് കരുതുന്നത്. കാരണം മാപ്പ് പറയാൻ വരെ പ്രമീള തയാറാണ്. ഇലക്ഷൻ അടുത്ത വരുന്നത് കൊണ്ട് പ്രശ്നനങ്ങൾ കൂടുതൽ സങ്കീര്‍ണമാക്കാനും ബിജെപി
തയ്യാറാവില്ല.
അതേസമയം തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ബിജെപിയിലേക്കെത്തുമെന്ന സൂചന നൽകുകയാണ് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. കോർപറേഷൻ ഭരണവും തൃശ്ശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി വിവിധയിടങ്ങളിലെ യോഗങ്ങളിൽ ആവർത്തിക്കുന്നുണ്ട്. തൃശ്ശൂരിൽ കുറച്ചുനാളായിസഹമന്ത്രി നടത്തുന്ന ഗ്രാമങ്ങളിലെ കലുങ്ക് സംവാദത്തിലും, നഗരങ്ങളിലെ എസ്ജി കോഫി ടൈംസിലുമാണ് ഇക്കാര്യം സൂചിപ്പിച്ചത്.












